‘പാലക്കാട് എം.എല്‍.എ ഓഫീസ്’ ; ഷാഫി പറമ്പിലിന്‍റെ ഓഫീസ് ചിത്രം പങ്കുവെച്ച് സംവിധായകന്‍ ജോഫിന്‍ ചാക്കോ

പാലക്കാട് മണ്ഡലത്തില്‍ ഷാഫി പറമ്പിലിന്‍റെ വിജയത്തിന് പിന്നാലെ ബിജെപിയെ ട്രോളി സംവിധായകന്‍ ജോഫിന്‍ ചാക്കോ. പാലക്കാട് എംഎല്‍എ ഓഫീസ് എന്ന തലക്കെട്ടോടെ ഷാഫി പറമ്പിലിന്‍റെ ഓഫീസ് ചിത്രം ജോഫിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ദ പ്രീസ്റ്റാണ് ജോഫിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് തന്നെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ പാലക്കാട് എം.എല്‍.എ ഓഫീസ് തുറന്നതിനെ ട്രോളിയാണ് ജോഫിന്‍റെ പോസ്റ്റ്. സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ പാലക്കാട് വീടും എം.എല്‍.എ ഓഫീസും എടുത്തു എന്ന് ഇ. ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സജീവമായ ട്രോളുകള്‍ ഇന്നലെ ഷാഫിയുടെ ജയത്തോടെ കലാശക്കൊട്ട് നടത്തുകയായിരുന്നു.

ഇത്തവണ അവസാന നിമിഷം വരെ പോരാട്ടം മുറുകിയ പാലക്കാട് അന്തിമലാപ്പുകളിലെ ട്വിസ്റ്റിലൂടെയായിരുന്നു ഷാഫിയുടെ ജയം. കേരളം നെഞ്ചേറ്റിയ ജയം കൂടിയായി ഷാഫിയുടേത്. നേമവും നഷ്ടമായ ബിജെപിയുടെ അവസാനപ്രതീക്ഷയായിരുന്നു പാലക്കാട്. 3863 വോട്ടിന്‍റെ ലീഡിനാണ് ഷാഫി പറമ്പില്‍ മെട്രോമാന്‍ ഇ ശ്രീധരനെ പരാജയപ്പെടുത്തിയത്. കേരളത്തില്‍ ബിജെപിയെ അപ്രസക്തമാക്കിയത്  ഷാഫിയുടെ ജയമാണ്. ഇത് മൂന്നാം തവണയാണ് ഷാഫി പറമ്പില്‍ പാലക്കാടിന്‍റെ മണ്ണില്‍ വിജയക്കൊടി നാട്ടുന്നത്.

2011 ല്‍ ആദ്യ മത്സരത്തില്‍ സി.ഐ.ടി.യു നേതാവ് കെ.കെ ദിവാകരനെ 7403 വോട്ടിനാണ് ഷാഫി പറമ്പില്‍ തോല്‍പ്പിച്ചത്. 2016ല്‍ ഷാഫിയെ നേരിടാന്‍ നാലുവട്ടം പാലക്കാടിനെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ച എന്‍.എന്‍ കൃഷ്ണദാസിനെ സി.പി.എം രംഗത്തിറക്കിയെങ്കിലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബി.ജെ.പിയുടെ ശോഭാ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്തെത്തിയത്. 17,438 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷമാണ്​ ഷാഫി നേടിയത്​. 2011നേക്കാള്‍ ഭൂരിപക്ഷം ഇരട്ടിയിലേറെ ഉയര്‍ത്തി. ആകെ പോള്‍ ചെയ്ത വോട്ടിന്‍റെ 41.77 ശതമാനം അന്ന്​ ഷാഫിക്ക്​ ലഭിച്ചു. ശോഭ സുരേന്ദ്രന് 29.08 ശതമാനവും എന്‍.എന്‍ കൃഷ്ണദാസിന് 28.07 ശതമാനവുമാണ് ലഭിച്ചത്. കൃഷ്ണദാസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

https://www.facebook.com/photo?fbid=10219805766083770&set=a.2355070845368

Comments (0)
Add Comment