പി.ടി തോമസിന്‍റെ ചിതാഭസ്മം അടക്കം ചെയ്യുന്നതിന് മാർഗനിർദേശങ്ങളുമായി ഇടുക്കി രൂപത

Jaihind Webdesk
Monday, January 3, 2022

കൊച്ചി : കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റും എംഎല്‍എയുമായിരുന്ന പി.ടി തോമസിന്‍റെചിതാഭസ്മം കല്ലറയില്‍ നിക്ഷേപിക്കുന്നതിന് മാർഗനിർദേശങ്ങളുമായി ഇടുക്കി രൂപത. പ്രധാനമായും മൂന്ന് നിര്‍ദേശങ്ങളാണ് ഇടുക്കി രൂപത മുഖ്യവികാരി ജനറല്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

ദേവാലയത്തിന്‍റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണം, ചടങ്ങില്‍ പ്രാര്‍ത്ഥനാപൂര്‍വമായ നിശബ്ദത പുലർത്തണം,  വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്താത്ത രീതിയിലുള്ള സമീപനം പ്രവര്‍ത്തകരില്‍ നിന്നും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെയും ഭാഗത്തുനിന്നും ഉണ്ടാകണം എന്നീ മൂന്ന് നിര്‍ദേശങ്ങളാണ് രൂപത മുന്നോട്ടുവെച്ചിരിക്കുന്നത്.

പി.ടി തോമസിന്‍റെ അന്ത്യാഭിലാഷപ്രകാരമാണ് ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കുന്നത്. തുറന്ന വാഹനത്തിൽ ഉപ്പുതോട് പള്ളിയിലെ കുടുംബ കല്ലറയിലേക്ക് കൊണ്ടുപോകുന്ന ചിതാഭസ്മ സ്മൃതിയാത്രയ്ക്ക് വിവിധ സ്‌ഥലങ്ങളിൽ ആദരവ് അർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.  വൈകിട്ട് നാല് മണിക്ക് ഉപ്പുതോട് പള്ളിയിൽ സ്‌മൃതിയാത്ര സമാപിക്കും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഉമ്മൻ‌ ചാണ്ടി, രമേശ് ചെന്നിത്തല, ഐവാൻ ഡിസൂസ, ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുക്കും.