ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതായി കണ്ടെത്തല്‍; റിപ്പോർട്ട് ഹൈക്കോടതിയില്‍

Jaihind Webdesk
Tuesday, March 8, 2022

കൊച്ചി : നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് ഉൾപ്പെടെയുള്ളവരുടെ ഫോണുകളുടെ ഫൊറൻസിക് പരിശോധന സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതായി ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുംബൈയിലെ ലാബാണ് തെളിവുകൾ നശിപ്പിക്കാൻ സാങ്കേതിക സഹായം നല്‍കിയത്. ദിലീപിന്‍റെ അഭിഭാഷകന്‍ മുംബൈയിലെ ലാബിലേക്ക് ഫോണുകള്‍ കൊറിയര്‍ അയയ്ക്കുകയായിരുന്നു. കോടതിക്ക് ഫോണ്‍ കൈമാറുന്നതിന്‍റെ തൊട്ടുതലേന്നാണ് വിവരങ്ങള്‍ നശിപ്പിച്ചത്. ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലാണ് ഫോണുകള്‍ എത്തിച്ചത്. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഐ ഫോണടക്കം നാല് ഫോണുകളാണ് എത്തിച്ചത്.ന ശിപ്പിച്ച മിറര്‍ ഇമേജുകള്‍ വീണ്ടെടുക്കാനായെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് ജനുവരി 29 നും 30 നും ആണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.