തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രന്‍ ഒത്തുതീർപ്പാക്കാന്‍ ശ്രമിച്ച കൊല്ലം കുണ്ടറയിലെ പീഡന പരാതിക്ക് പിന്നില്‍ രാഷ്ട്രീയമെന്ന് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന്‍റെ റിപ്പോര്‍ട്ട്. എൻസിപി മുന്‍ നേതാവ് പത്മാകരനെതിരായ പരാതിയുടെ നിജസ്ഥിതിയെപ്പറ്റി സംശയമുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. യുവതിയുടെ പരാതി കൈകാര്യം ചെയ്തതില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് വീഴ്ചയുണ്ടായെന്നും ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിൽ കഴിഞ്ഞ മാസം 28നാണ് പരാതി നൽകിയത്. പരാതിക്കാരിയുടെ ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം നടന്നിട്ടില്ലെന്ന് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന്‍റെ റിപ്പോർട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് വീഴ്ച സംഭവിച്ചു. പരാതിക്കാരി കൃത്യമായ മൊഴിയോ തെളിവോ നല്‍കിയില്ലെന്നും ഡിജിപിക്ക് നല്‍കിയ റിപ്പോർട്ടിലുണ്ട്.
അതേസമയം മന്ത്രി എ.കെ ശശീന്ദ്രനെതിരെ കൂടുതല്‍ ഗുരുതര വെളിപ്പെടുത്തലുമായി പരാതിക്കാരിയുടെ പിതാവ് രംഗത്തെത്തി. ശശീന്ദ്രൻ മുമ്പും നിരവധി സ്ത്രീപീഡന പരാതികൾ ഒതുക്കി തീർത്തിട്ടുണ്ടെന്ന് പരാതിക്കാരിയുടെ പിതാവ് വെളിപ്പെടുത്തി. 2013 ല്‍ പാര്‍ട്ടിയിലുയര്‍ന്ന പീഡനക്കേസ് ഒതുക്കിത്തീര്‍ത്തത് മന്ത്രി എ.കെ ശശീന്ദ്രനാണെന്ന് ഇയാള്‍ വെളിപ്പെടുത്തി. ഇതുള്‍പ്പെടെ നിരവധി സമാനമായ പരാതികളില്‍ ശശീന്ദ്രന്‍ ഇടപെട്ടിട്ടുണ്ടെന്നും ഇദ്ദേഹം വെളിപ്പെടുത്തി. മന്ത്രിയും പാര്‍ട്ടിയും വേട്ടക്കാരനൊപ്പമാണ് നിലകൊണ്ടതെന്നും പരാതിക്കാരിയുടെ പിതാവ് കുറ്റപ്പെടുത്തി. മകളുടെ കാര്യത്തിലും പാര്‍ട്ടിയും മന്ത്രിയും വേട്ടക്കാർക്കൊപ്പമാണ് നിലകൊണ്ടത്. ഇക്കാര്യങ്ങളെല്ലാം പുറത്തുകൊണ്ടുവരുമെന്നും നീതി ലഭിക്കാനായി സുപ്രീം കോടതി വരെ പോകേണ്ടിവന്നാലും അത് ചെയ്യുമെന്നും പരാതിക്കാരിയുടെ പിതാവ് വ്യക്തമാക്കി.