തിരുവനന്തപുരം: കെഎസ്ആർടിസി എംഡി സ്ഥാനം ഒഴിയാന്‍ ബിജു പ്രഭാകർ. ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ഗതാഗത സെക്രട്ടറിയുടെ ചുമതലയും ഒഴിഞ്ഞേക്കും. ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് സ്ഥാനമൊഴിയാനുള്ള തീരുമാനമെന്നാണ് സൂചന.
വൈദ്യുത ബസ് വാങ്ങലിൽ ഉൾപ്പെടെ മന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായി ബിജു പ്രഭാകറിന് അഭിപ്രായഭിന്നതയുണ്ടായിരുന്നു. ഇ-ബസുകൾ ലാഭകരമല്ലെന്ന് പറഞ്ഞ മന്ത്രിയെ സർക്കാർ തിരുത്തിയിരുന്നു. എന്നാൽ താൻ പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിക്കുമെന്നും ഇനി ഇ-ബസ് വിഷയത്തിൽ പ്രതികരിക്കില്ലെന്നും പറഞ്ഞാണ് മന്ത്രി വിവാദം അവസാനിപ്പിച്ചത്. സ്ഥാനമേറ്റശേഷം ആദ്യമായെടുത്ത തീരുമാനം പാളിയതിൽ ഗണേഷ് കുമാറിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. വൈദ്യുത ബസുകൾ ലാഭകരമാണെന്ന റിപ്പോർട്ട് തനിക്ക് ലഭിക്കുന്നതിനുമുമ്പേ മാധ്യമങ്ങൾക്ക് ലഭിച്ചതിൽ മന്ത്രി ഗണേഷ്‌കുമാർ ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.