‘ഡബിള്‍’ സെഞ്ച്വറി ; പെട്രോളിന് പിന്നാലെ ഡീസലും 100 അടിച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് ഡീസല്‍ വിലയും 100 കടന്നു. പെട്രോള്‍ വില നേരത്തെ 100 കടന്നിരുന്നു.  രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് ഡീസല്‍ വില 100 കടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസവും ഇന്ധന വില കൂട്ടിയതോടെയാണ് ഡീസലിനും 100 കടന്നത്. ശ്രീ ഗംഗാനഗറില്‍ തന്നെയാണ് രാജ്യത്ത് ആദ്യമായി പെട്രോളിനും 100 രൂപ പിന്നിട്ടത്.

പെട്രോള്‍ ലിറ്ററിന് 107.23 രൂപയാണ് ശ്രീ ഗംഗാനഗറിലെ വില. ഇത് രാജ്യത്തെ നിലവിലെ ഏറ്റവും ഉയര്‍ന്ന വിലയാണ്. കഴിഞ്ഞ ദിവസം ഡീസലിന് 25 പൈസ കൂട്ടിയതോടെയാണ് ഇവിടെ ലിറ്ററിന് വില 100.06 രൂപയില്‍ എത്തിയത്.

പ്രീമിയം പെട്രോളിന് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ലിറ്ററിന് 100 രൂപ പിന്നിട്ടു. രാജ്യത്തെ പ്രധാന നഗരമായ മുംബൈയിലും പ്രീമിയം പെട്രോളിന് 100 രൂപ കടന്നിരുന്നു. കേരളത്തിലും പാലക്കാട്, ഇടുക്കി എന്നിവിടങ്ങളില്‍ പ്രീമിയം പെട്രോളിന് 100 രൂപ പിന്നിട്ടിരുന്നു. കൊവിഡ് ദുരിതത്തിനിടെ ജനങ്ങളെ കൊള്ളയടിക്കുകയാണ്കേന്ദ്രം ചെയ്യുന്നത്. വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും ആശ്വാസ നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്രം തയാറായിട്ടില്ല.

Comments (0)
Add Comment