നവകേരള സദസില്‍ പങ്കെടുത്തില്ല; ഹരിതകർമ്മ സേന അംഗങ്ങള്‍ക്ക് തൊഴില്‍ വിലക്ക്

കൊല്ലം: തൃക്കോവിൽവട്ടം പഞ്ചായത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ നവകേരള സദസിൽ പങ്കെടുക്കാത്ത ഹരിതകർമ്മ സേന അംഗങ്ങൾക്ക് തൊഴിൽ വിലക്ക്. മൂന്ന് ഹരിതകർമ്മ സേന അംഗങ്ങളെയാണ് പ്രതികാര നടപടിയുടെ ഭാഗമായി
ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരിക്കുന്നത്.

നവകേരള സദസിൽ പങ്കെടുക്കാതിരുന്ന കൊല്ലം കുണ്ടറ മണ്ഡലത്തിലെ തൃക്കോവിൽവട്ടം പഞ്ചായത്തിലെ മൂന്ന് ഹരിതകർമ്മ സേന അംഗങ്ങൾക്കാണ് തൊഴിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ചേരീക്കോണം ആറാം വാർഡിലും കുറുമണ്ണ പതിനൊന്നാം വാർഡിലും ഉൾപ്പെട്ട മൂന്ന് ഹരിത സേനാ അംഗങ്ങൾക്കെതിരെയാണ് സിപിഎം നേതൃത്വം നൽകുന്ന
പഞ്ചായത്തിന്‍റെ പ്രതികാര നടപടി തുടരുന്നത്.

ഇക്കഴിഞ്ഞ 19-ാം തീയതി കുണ്ടറസിറാമിക്സ് ഗ്രൗണ്ടിൽ നടന്ന നവകേരള സദസിലും അതിന് മുന്നോടിയായി നടന്ന വിളംബര ജാഥയിലും പങ്കെടുക്കാതിരുന്നതോടെയാണ് ഇവർക്കെതിരെ പഞ്ചായത്ത് തൊഴിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. തങ്ങൾക്ക് തൊഴിൽ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് ഇവർ പഞ്ചായത്തിലെത്തി അധികൃതരോട് പലകുറി പരാതിപ്പെട്ടെങ്കിലും പഞ്ചായത്ത് പ്രസിഡന്‍റും സെക്രട്ടറിയും ഉരുണ്ടുകളി തുടരുകയാണ്. ഇവരുടെ തൊഴിൽ നിഷേധിക്കുന്ന
പഞ്ചായത്തിന്‍റെ തെറ്റായ തീരുമാനം തീരുത്തണമെന്ന് പ്രതിപക്ഷ പഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടു.

നവ കേരള സദസിന് ആളെക്കൂട്ടുന്നതിനായി ഹരിതകർമ്മസേനാംഗങ്ങളെയും തൊഴിലുറപ്പ് തൊഴിലാളികളെയും അങ്കണവാടി ജീവനക്കാരെയും ഭീഷണിപ്പെടുത്തി സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിൽ എത്തിച്ചിരുന്നു. ഇത്തരത്തിൽ പരിപാടിയിൽ പങ്കെടുക്കാത്തവർക്കെതിരെയുള്ള പ്രതികാര രാഷ്ട്രീയ നടപടികൾ സംസ്ഥാനത്തുടനീളം തുടരുകയുമാണ്.

Comments (0)
Add Comment