മലയാള മഹാനിഘണ്ടു നിയമന വിവാദം : ഫണ്ട് കൈപ്പറ്റിയ ശേഷം നിഘണ്ടു തയ്യാറാക്കല്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു

Jaihind Webdesk
Saturday, July 17, 2021

കേരള സർവകലാശാലയിൽ മലയാള മഹാനിഘണ്ടുവിന്റെ മേധാവിയായി നിയമിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ആർ.മോഹന്‍റെ ഭാര്യയെ 2012 ൽ സംസ്കൃതഭാഷാ നിഘണ്ടു തയ്യാറാക്കാൻ യുജിസി ചുമതലപ്പെടുത്തിയിട്ട് നാളിതുവരെ നിഘണ്ടുവിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടത്താതെ പാതിവഴിയിൽ ഉപേക്ഷിച്ചതായാണ് ആക്ഷേപം. കേന്ദ്രസർക്കാർ നിഘണ്ടുനിർമ്മാണത്തിന് തുക അനുവദിച്ചതിന്‍റെ രേഖകൾ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

2012 ഫെബ്രുവരിയിൽ, ദ്രാവിഡ ഭാഷയുടേയും ഇൻഡോ യൂറോപ്യൻ ഭാഷകളുടെയും മൾട്ടികൾച്ചറൽ നിഘണ്ടു തയ്യാറാക്കാൻ ഡോ. പൂർണിമ മോഹനെ യുജിസി ചുമതലപെടുത്തിയിരുന്നു. ഇതിനായി ഏഴു ലക്ഷത്തി എൺപതിനായിരം രൂപ യുജിസി അനുവദിച്ചു. ഫെബ്രുവരി 2012 ലെ യുജിസി ഉത്തരവ് പ്രകാരം ഡിസംബർ മാസത്തിൽ ഈ തുക കേന്ദ്ര സർക്കാർ സർവകലാശാലക്ക് കൈമാറുകയും ചെയ്തു. അഞ്ച് വർഷം പിന്നിട്ടിട്ടും പ്രൊജക്റ്റ് ആരംഭിക്കാത്തതുകൊണ്ട് അനുവദിച്ച തുക മടക്കി നൽകാൻ സംസ്കൃത സർവകലാശാലാധികൃതർ പൂർണിമ മോഹന് നി ർദ്ദേശം നൽകിയിരുന്നു. രണ്ട് വർഷമാണ് നിഘണ്ടു നിർമ്മാണത്തിന് യുജിസി അനുവദിച്ചിരുന്നത്.

ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് പ്രോജക്ട് ഡയറക്ടറായ പൂർണിമ മോഹൻ വരുത്തിയത്.മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദത്തിന് വഴങ്ങി സർവകലാശാല ഓർഡിനൻസിലെ യോഗ്യതകളിൽ മാറ്റം വരുത്തി സർവ്വകലാശാല നടത്തിയ അനധികൃത നിയമനത്തെ കുറിച്ച് ചാൻസലർ കൂടിയായ ഗവർണർക്ക് വിശദീകരണം നൽകാൻ ഇതുവരെയും വി സി തയ്യാറായിട്ടില്ല എന്നതും ദുരൂഹമാണ്.