‘ഇത് ഭരണകൂട ഭ്രാന്ത്, ഏകാധിപതികള്‍ക്ക് ജനങ്ങളുടെ കരുത്ത് വൈകാതെ ബോധ്യപ്പെടും’ ; ദ്വീപ് ജനതയ്ക്ക് പിന്തുണയുമായി വി.എം സുധീരന്‍

Jaihind Webdesk
Monday, June 7, 2021

ഭരണകൂടത്തിന് സമനിലതെറ്റിയതിന്‍റെ പ്രതിഫലനമാണ് ലക്ഷദ്വീപിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. ലക്ഷദ്വീപിലെ ജനങ്ങളുടെ സമാധാന ജീവിതവും ജീവിതശൈലിയും സംസ്കാരവും നിലനിൽപ്പും ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുള്ള നടപടികളാണ്  മോദി ഭരണകൂടത്തിൻ കീഴിൽ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്നതെന്നും സുധീരന്‍ ആരോപിച്ചു.

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന നിലയിലുള്ള അഡ്മിനിസ്ട്രേറ്ററുടെ ദുർനടപടികള്‍ ലക്ഷദ്വീപിലും പുറത്തും ശക്തമായി ചോദ്യം ചെയ്യപ്പെടുകയാണ്. ദ്വീപില്‍ അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങള്‍ക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്ന് വന്നിട്ടുള്ളത്. ഭരണകൂടഭ്രാന്തിന്‍റെ പ്രതിഫലനമായിട്ടുള്ള ദുഷ് ചെയ്തികളുമായി അഡ്മിനിസ്ട്രേറ്റർ മുന്നോട്ടു പോവുകയാണെങ്കിൽ ഏകാധിപതികളെ നിലയ്ക്ക് നിർത്താനുള്ള കരുത്ത് ജനങ്ങൾക്കുണ്ട് എന്ന തിരിച്ചറിവ് വൈകാതെ ബോധ്യപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. അനീതിക്കെതിരെ പൊരുതുന്ന ലക്ഷദ്വീപ് സഹോദരങ്ങൾക്ക് അഭിവാദ്യങ്ങള്‍ നേരുന്നതായും സുധീരന്‍ അറിയിച്ചു.