ആരാധകരെ നിരാശരാക്കി മുൻ ഇന്ത്യന് ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇതോടെ 16 വർഷത്തെ അന്താരാഷട്ര കരിയറിനാണ് വിരാമമാകുന്നത്.
View this post on InstagramThanks a lot for ur love and support throughout.from 1929 hrs consider me as Retired
A post shared by M S Dhoni (@mahi7781) on
2004ൽ ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പരയിൽ അരങ്ങേറ്റം കുറിച്ച മഹേന്ദ്ര സിംങ് ധോണിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2005ൽ വിശാഖപട്ടണത്ത പാകിസ്ഥാനുമായുള്ള മത്സരത്തിലായിരുന്നു ധോണി ടീമിൽ ഇരിപ്പുറപ്പിച്ചത്. 123 പന്തുകളിൽ നിന്നും നാലു സിക്സറുകളും 15 ബൗണ്ടറികളുമടക്കം 148 റൺസ് നേടി ധോണി ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചു. വിക്കറ്റ് കീപ്പർമാരെ മാറിമാറി പരീക്ഷിച്ചികൊണ്ടിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റിൽ മറ്റൊരു പേരുപോലും പരിഗണനയ്ക്ക് വരാതെ ധോണി അവിടെ തുടങ്ങുകയായിരുന്നു. ആ വർഷം തന്നെ ശ്രീലങ്കക്കെതിരെ നേടിയ 183 റൺസാണ് ധോണിയുടെ ഏകദിനത്തിലെ മികച്ച സ്കോർ.
ടീം ആദ്യം ബാറ്റ് ചെയ്യുമ്പോൾ അവസാന ഓവറുകളിൽ റൺനിരക്ക് ഉയർത്തിയും ചേസിങ് ഘട്ടത്തിൽ വിക്കറ്റ് നഷടപ്പെടുത്താതെ ടീമിനെ വിജയതീരത്തോടുപ്പിച്ചും ധോണി ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫിനിഷറെന്ന ഖ്യാതി സ്വന്തം പേരിലാക്കുകയായിരുന്നു. 2007 ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തോടെ രാഹുൽ ദ്രാവിഡ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കാലം. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ട്വൻറി 20 ലോകകപ്പിൽ ഇന്ത്യയെ നയിക്കാനുള്ള ചുമതല ധോണിയെ ഏൽപ്പിച്ചപ്പോൾ നെറ്റിചുളിച്ചവർ നിരവധിയായിരുന്നു. പക്ഷേ ഒരു പറ്റം യുവതാരങ്ങളെയും കൊണ്ട് കുട്ടി ക്രിക്കറ്റിലെ ലോകകിരീടവുമായാണ് ധോണി തിരികെയെത്തിയത്.
പതിയെ മൂന്ന് ഫോർമാറ്റിലും ടീമിന്റെ നായകനായ ധോണി ഇന്ത്യൻ ക്രിക്കറ്റിനെ പലകുറി ഉന്മാദത്തോളമെത്തിച്ചു. ഏകദിന ക്രിക്കറ്റ് ലോകകപ്പും ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയുമടക്കമുള്ള തിളക്കമുള്ള കിരീടങ്ങളാൽ ബി.സി.സി.ഐ അലമാരയെ പലകുറി മിന്നിത്തിളങ്ങിച്ചു. ഐ.പി.എൽ ആദ്യ സീസൺ മുതൽ ചെന്നൈ സൂപ്പർകിങ്സിന്റെ മഞ്ഞ ജഴ്സിയിൽ കളത്തിലിറങ്ങിയ ധോണി തന്റെ രാജവാഴ്ച അവിടെയും തുടർന്നു.
സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ചെന്നൈക്ക് തുടർവിജയങ്ങൾ നൽകിയ ധോണിയെ ആരാധകർ തല എന്ന് വിളിച്ചു. 2019 ക്രിക്കറ്റ് ലോകകപ്പിൽ മാർട്ടിൻ ഗുപ്റ്റിലിന്റെ ഉന്നംതെറ്റാത്ത ഏറിൽ റൺഔട്ടായി ഈറൻ കണ്ണുകളോടെ മടങ്ങിയ ധോണിയുടെ മുഖം ഇനിയും മാഞ്ഞിട്ടില്ല. അതിനുശേഷം ഇന്ത്യൻ കുപ്പായത്തിൽ ധോണിയെ ആരും കണ്ടിട്ടില്ല. ഇപ്പോൾ വിരമിക്കൽ പ്രഖ്യാപനവും എത്തി.