പീഡനക്കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്നുണ്ടാകും. യുവതിയുടെ വാദങ്ങൾക്ക് പ്രതിഭാഗം ഇന്ന് മറുപടി നൽകും. ജാമ്യം ലഭിച്ചില്ലെങ്കിൽ അറസ്റ്റിലേക്ക് നീങ്ങാനാണ് പോലീസിന്‍റെ നീക്കം.
ബിനോയ് സ്വന്തം ഇ-മെയിലിൽ നിന്നും അയച്ചുകൊടുത്ത വിമാന ടിക്കറ്റും വിസയും ഉപയോഗിച്ച് യുവതിയും കുഞ്ഞും ദുബായ് സന്ദർശിച്ച് മടങ്ങിയത് തെളിയിക്കുന്ന പാസ്പോർട്ട് രേഖകളാണ് യുവതി ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. ബിനോയിക്കെതിരെ ദുബായിയിൽ ക്രിമിനൽ കേസുള്ളതും യുവതിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ബോധിപ്പിച്ചിരുന്നു. ഈ വാദങ്ങൾക്കാണ് വിശദമായ മറുപടി പ്രതിഭാഗം ഇന്ന് മൂന്ന് മണിക്ക് നൽകുക.
ഇരുവിഭാഗത്തിന്‍റെയും വാദവും സമർപ്പിക്കപ്പെട്ട തെളിവുകളും പരിശോധിച്ച ശേഷമാകും അഡീഷണൽ സെഷൻസ് ജഡ്ജ് എം എച്ച് ഷെയ്ക്ക് മുൻകൂർ ജാമ്യഹർജിയിൽ വിധി പറയുക. ബിനോയിക്ക് മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ ഉടൻ അറസ്റ്റിലേക്ക് കടക്കാനാണ് മുംബൈ പൊലീസിന്‍റെ നീക്കം. എന്നാൽ, മുൻകൂർ ജാമ്യം ലഭിച്ചാൽ മാത്രം കേസുമായി സഹകരിക്കാമെന്ന നിലപാടിലാണ് ബിനോയ് ഉള്ളതെന്നാണ് അറിയുന്നത്.
ഹർജി പരിഗണിച്ച മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതി യുവതിക്ക് വാദത്തിനിടയിൽ ബോധിപ്പിച്ചതിൽ കൂടുതൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ എഴുതി നൽകാൻ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് അഭിഭാഷകൻ യുവതിയുടെ വാദങ്ങൾ എഴുതി നൽകി. പ്രോസിക്യൂഷന് പുറമെ കോടതി അനുവദിച്ച പ്രത്യേക അഭിഭാഷകനും യുവതിക്ക് നിയമസഹായം നൽകാൻ ഒപ്പമുണ്ടായിരുന്നു. വാദങ്ങൾ കോടതിക്ക് യുവതിയുടെ അഭിഭാഷകൻ എഴുതി നൽകി.
യുവതിക്കും കുഞ്ഞിനും ദുബായ് സന്ദർശിക്കാൻ ബിനോയ് സ്വന്തം ഇമെയിലിൽ നിന്ന് അയച്ച വിസയും വിമാനടിക്കറ്റും യുവതിയുടെ അഭിഭാഷകൻ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. ബിനോയിയെ അറസ്റ്റുചെയ്യാൻ മുംബൈ പോലീസ് നീക്കം നടത്തുന്നുവെന്ന സൂചനകൾക്കിടെയാണ് ബിനോയി മൂൻകൂർ ജാമ്യംതേടി കോടതിയെ സമീപിച്ചത്.
ബിനോയ്ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. ഇരുവരും മുംബൈയിലെ ഫ്ളാറ്റിൽ താമസിച്ചിരുന്നതിനും വ്യക്തമായ തെളിവുണ്ട്, ബിനോയ്ക്ക് മുൻകൂർ ജാമ്യം നൽകിയാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ബിനോയ്ക്കെതിരെ ദുബായിയിൽ ക്രിമിനൽ കേസുള്ളത് മുൻകൂർ ജാമ്യഹർജിയിൽ മറച്ചുവച്ചു, കേരളത്തിലെ മുൻ ആഭ്യന്തരമന്ത്രിയാണ് ബിനോയിയുടെ അച്ഛൻ കോടിയേരി ബാലകൃഷ്ണനെന്നത് സൂചിപ്പില്ല എന്നു തുടങ്ങി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകും എന്ന് ബിനോയ് ഭീഷണിപ്പെടുത്തിയതടക്കം അഭിഭാഷകൻ നേരത്തെ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ വിവാഹ വാഗ്ദാനം നൽകിയെങ്കിൽ പിന്നെ എങ്ങനെ പീഡന പരാതി നിലനിൽക്കുമെന്ന് ബിനോയിയുടെ അഭിഭാഷകൻ ചോദിച്ചു. ബലാൽസംഗ ആരോപണവും കേസിലെ എഫ്.ഐ.ആറും നിലനിൽക്കില്ല. പണത്തിനുവേണ്ടി കെട്ടിച്ചമച്ച കേസാണിതെന്നും അദ്ദേഹം വാദിച്ചു.
മുംബൈ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ അശോക് ഗുപ്തയാണ് ബിനോയിക്കുവേണ്ടി ഹാജരായത്. ഇരുവിഭാഗത്തിന്‍റെയും വാദവും സമർപ്പിക്കപ്പെട്ട തെളിവുകളും പരിശോധിച്ച ശേഷമാകും അഡീഷണൽ സെഷൻസ് ജഡ്ജ് എം എച്ച് ഷെയ്ക്ക് മുൻകൂർ ജാമ്യഹർജിയിൽ വിധി പറയുക.