കെവിൻ കേസിൽ ആരോപണ വിധേയനായ എസ്.ഐയെ തിരിച്ചെടുത്തത് അറിഞ്ഞിട്ടില്ലെന്ന് ഡിജിപി

Jaihind Webdesk
Wednesday, May 29, 2019

കെവിൻ കേസിൽ ആരോപണ വിധേയനായ എസ്.ഐ ഷിബുവിനെ തിരിച്ചെടുത്ത നടപടി അറിഞ്ഞിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. എസ്.ഐയെ തിരിച്ചെടുത്തത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. എസ്.പിയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും ഡി.ജി.പി പറഞ്ഞു.

കെവിന്‍ വധക്കേസില്‍ കൃത്യവിലോപം നടത്തിയതിന്‍റെ പേരില്‍ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയ ഗാന്ധിനഗര്‍ മുന്‍ എസ്.ഐ എം.ആര്‍. ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തതിനെതിരെ കെവിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു.

ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്ത ശേഷം സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്.ഐയായി തരംതാഴ്ത്തി. എറണാകുളം റെയ്ഞ്ച് ഐ.ജിയാണ് തരംതാഴ്ത്തിക്കൊണ്ട് ഉത്തരവിട്ടത്. ഷിബുവിനെ ഇടുക്കിയിലേക്ക് മാറ്റും.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് തരംതാഴ്ത്തലിലേയ്ക്ക് നടപടി ഒതുങ്ങിയത്. എന്നാല്‍ നടപടിയെക്കുറിച്ച് അറിവില്ലെന്നാണ് ഡിജിപിയുടെ പ്രതികരണം.

കെവിന്‍ വധക്കേസിലെ പ്രതിയില്‍ നിന്ന് കോഴ വാങ്ങിയതിനായിരുന്നു ഷിബുവിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്നത്. കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെ നല്‍കിയ നോട്ടീസിന് ഷിബു നല്‍കിയ മറുപടി തൃപ്തികരമാണെന്നും ഷിബുവിന്‍റെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടല്‍ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സര്‍വ്വീസിലേയ്ക്ക് തിരിച്ചെടുത്തെങ്കിലും വകുപ്പ് തല നടപടികള്‍ തുടരുമെന്നാണ് പോലീസ് മേധാവികള്‍ അറിയിക്കുന്നത്.

അക്രമിസംഘത്തില്‍ നിന്ന് കൈക്കൂലിവാങ്ങിയ എ.എസ്.ഐ ബിജുവും സിവില്‍ പൊലീസ് ഓഫിസര്‍ അജയകുമാറും അന്വേഷണത്തിനിടയില്‍ അറസ്റ്റിലാകുകയും പിന്നീട് ഇവരെ പിരിച്ചുവിടപ്പെടുകയും ചെയ്തിരുന്നു. കേസിലെ ഒന്നാംപ്രതി സാനുചാക്കോയില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങി വിട്ടയക്കുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ച ഇയാളെ സ്റ്റേഷനിലെത്തിച്ചിരുന്നെങ്കില്‍ കെവിന്‍റെ മരണം പോലും ഒഴിവാക്കാമായിരുന്നു.