ബൈക്ക് യാത്രികനെ പോലീസ് ലാത്തിയെറിഞ്ഞു വീഴ്ത്തിയ സംഭവത്തിൽ പോലീസുകാർക്കെതിരെ ക്രിമിനൽ കേസ്

Jaihind News Bureau
Friday, November 29, 2019

കൊല്ലം ജില്ലയിലെ കടയ്ക്കലിൽ വാഹനപരിശോധനക്കിടെ ബൈക്ക് യാത്രികനെ പോലീസ് ലാത്തിയെറിഞ്ഞു വീഴ്ത്തിയ സംഭവത്തിൽ പോലിസുക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ഡിജിപി നിർദ്ദേശം. ഗുരുതരമായി പരിക്കേറ്റ സിദ്ദിഖ് എന്ന യുവാവിനെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ലാത്തിയേറ് കൊണ്ട സിദ്ദിഖിന്‍റെ ബൈക്ക് നിയന്ത്രണംവിട്ട് എതിരേവന്ന കാറിലിടിക്കുകയായിരുന്നു. തലയ്ക്കും മുഖത്തുമാണു യുവാവിന് ഗുരുതരമായി പരിക്കേറ്റത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് സംഭവത്തിനുത്തരവാദിയായ സിവിൽ പോലീസ് ഓഫീസറെ സസ്‌പെൻഡ് ചെയ്യുകയും വാഹനപരിശോധനാ സംഘത്തിലെ ഉദ്യോഗസ്ഥരെ മുഴുവൻ സ്ഥലം മാറ്റുകയും ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കടയ്ക്കൽ – മടത്തറ പാതയിൽ കാഞ്ഞിരത്തുംമൂട് ഭാഗത്തെ വളവിലായിരുന്നു സംഭവം. പോലീസിൻറെ സ്ഥിരം വാഹനപരിശോധനാകേന്ദ്രമാണ് ഇവിടം. റൂറൽ പോലീസ് മേധാവിയുടെ നേരിട്ടുള്ള കൺട്രോൾ റൂം വാഹനത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽനിന്നുള്ള പോലീസുകാർ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. ബൈക്ക് യാത്രികൻ വീണതോടെ നാട്ടുകാർ വലിയ പ്രതിഷേധമുയർത്തി. മണിക്കൂറുകൾ നാട്ടുകാർ മടത്തറ – കടയ്ക്കൽ പാത ഉപരോധിച്ചു.

ബലം പ്രയോഗിച്ചു നാട്ടുകാരെ മാറ്റാനുള്ള ശ്രമം വിഫലമായതോടെ പുനലൂർ ഡിവൈഎസ്പി അനിൽ ദാസ്, കടയ്ക്കൽ സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് എന്നിവർ സ്ഥലത്തെത്തി.

തുടർന്ന് ഡിവൈഎസ്പി വിവരം റൂറൽ പോലീസ് മേധാവി ഹരിശങ്കറിനെ ധരിപ്പിച്ചു. ലാത്തിയെറിഞ്ഞ പോലീസുകാരനെ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്യുമെന്നും പരിശോധനാസംഘത്തിലെ മുഴുവൻ പോലീസുകാരെയും സ്ഥലം മാറ്റുമെന്നുമുള്ള ഉറപ്പിൽ ഒരു മണിക്കൂർ നീണ്ട പ്രതിഷേധം നാട്ടുകാർ അവസാനിപ്പിച്ചു.

തൊട്ടുപിന്നാലെ കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ചന്ദ്രമോഹനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. സംഘത്തിലെ മുഴുവൻ പോലീസുകാരെയും സ്ഥലംമാറ്റുകയും ചെയ്തു.

അതെസമയം പൊലീസ് നടപടി അപരിഷ്‌കൃതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിന്‍റെ മേൽ സർക്കാരിന് നിയന്ത്രണമില്ലാതായതിന്‍റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിചേർത്തു.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്താൻ എസ്പി ഹരിശങ്കർ ഉത്തരവിടുകയും ചെയ്തു.