ശബരിമലയില്‍ നാടകീയ സംഭവവികാസങ്ങള്‍. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ നാമജപപ്രതിഷേധം നടത്തിയവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പോലീസ് നടപടിക്കെതിരെ സംസ്ഥാനമെങ്ങും വ്യാപക പ്രതിഷേധം.
മാളികപ്പുറത്ത് വിരിവെക്കാൻ അനുവദിക്കാതെ പൊലീസ് ഭക്തരെ തടഞ്ഞതിനെ തുടർന്നാണ് രാത്രി നാമജപപ്രതിഷേധം നടന്നത്. ഹരിവരാസനം പാടി നടയടച്ചതിന് ശേഷവും പ്രതിഷേധം തുടർന്നതോടെ ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. നെയ്യഭിഷേകം കഴിയുംവരെ അറസ്റ്റ് നീട്ടണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം പോലീസ് അംഗീകരിച്ചില്ല. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് പോലീസ് നിലപാടെടുത്തു. നൂറോളം പേരെയാണ് പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ മണിയാര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി. പോലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും.
ശബരിമലയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനമെങ്ങും വ്യാപക പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനമെങ്ങും പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് യുവമോര്‍ച്ച അറിയിച്ചു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളും ഉപരോധിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിന് മുന്നിലും പ്രതിഷേധം അരങ്ങേറുകയാണ്.