മൂന്നാറിലെ അനധികൃത നിര്‍മാണം : ദേവികുളം സബ്കളക്ടറുടെ റിപ്പോര്‍ട്ട് എ.ജിക്ക്

മൂന്നാറിലെ അനധികൃത നിര്‍മാണപ്രവര്‍ത്തനത്തില്‍ ദേവികുളം സബ് കളക്ടർ രേണു രാജിന്‍റെ റിപ്പോര്‍ട്ട് എ.ജിയുടെ ഓഫീസിന് കൈമാറി. ഭൂമി കയ്യേറിയുള്ള അനധികൃത നിര്‍മാണത്തിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ളതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ എസ് രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ പരാമര്‍ശമുണ്ട്. അനധികൃത നിർമാണം എം.എല്‍.എയുടെ സാമീപ്യത്തിലെന്ന് റിപ്പോർട്ടിലുള്ളതായാണ് വിവരം. റിപ്പോർട്ട് എ.ജിയുടെ ഓഫീസ് പരിശോധിച്ച ശേഷം ഹൈക്കോടതിയിൽ സമർപ്പിക്കും.

മൂന്നാർ മേഖലയിൽ ഏഴ് വില്ലേജുകളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്‍റെ മുൻകൂർ അനുമതി വേണമെന്ന് 2010 ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുൻകൂർ അനുമതിയില്ലാതെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കോടതിക്ക് റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്. ഇതനുസരിച്ചാണ് ദേവികുളം സബ് കളക്ടർ രേണു രാജ് ഹൈക്കോടതിയിൽ സമർപ്പിക്കാൻ എ.ജിയുടെ ഓഫീസിന് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

മൂന്നാർ പഴയ ബസ് സ്റ്റാൻഡിലെ ബഹുനില കെട്ടിട നിർമാണം നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടി കാണിക്കുന്നു. അനധികൃത നിർമാണത്തിന് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നൽകി. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വെപ്പിക്കാൻ എത്തിയ റവന്യൂ സംഘത്തെ എസ് രാജേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ തടയുകയായിരുന്നു. റവന്യൂ സംഘത്തെ തടഞ്ഞ സംഘത്തിലുണ്ടായിരുന്ന പഞ്ചായത്ത് അംഗങ്ങളുടെ പേരുകളും റിപ്പോർട്ടിലുണ്ട്. എന്നാൽ എസ് രാജേന്ദ്രൻ സബ് കളക്ടറെ വ്യക്തിപരമായി അധിക്ഷേപിച്ച് നടത്തിയ പദപ്രയോഗങ്ങളെ കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. പഞ്ചായത്ത് നടത്തിയ നിയമലംഘനങ്ങൾ റിപ്പോർട്ടിൽ എടുത്ത് പറയുന്നു.

നദീ തീരത്ത് അമ്പത് മീറ്ററിനുള്ളിൽ കെട്ടിടം പണിയരുതെന്ന നിയമം ലംഘിച്ചു. പ്രളയത്തിൽ വെള്ളം കയറിയ പ്രദേശമാണിത്. കൂടുതൽ പഠനങ്ങൾക്ക് ശേഷമേ ഇവിടെ നിർമാണം പാടുള്ളൂവെന്ന സർക്കാർ നിർദേശം നിലവിലുണ്ട്. കെട്ടിടം പണിതത് പഞ്ചായത്തിന്‍റെ ഭൂമിയിലല്ല. വാണിജ്യാവശ്യത്തിനുള്ള കെട്ടിട നിർമാണത്തിന് എൻ.ഒ.സി വാങ്ങിയിരുന്നില്ല. റവന്യൂ വകുപ്പിന്‍റെ സ്റ്റോപ് മെമ്മോ അവഗണിച്ചും നിർമാണം തുടർന്നപ്പോഴാണ് നിർത്തി വെപ്പിക്കാൻ എത്തിയതെന്നും സബ് കളക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

Munnarrenu raj
Comments (0)
Add Comment