നടയടച്ച് ശുദ്ധിക്രിയ: വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് രണ്ടാഴ്ച കൂടി സമയം നല്‍കി

Jaihind Webdesk
Monday, January 21, 2019

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ നടയടച്ച് ശുദ്ധിക്രിയ ചെയ്തതില്‍ വിശദീകരണം നല്‍കാന്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ദേവസ്വം ബോര്‍ഡ് രണ്ടാഴ്ച കൂടി സമയം അനുവദിച്ചു. നേരത്തെ ബോര്‍ഡ് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ കൂടുതല്‍ സമയം വേണമെന്ന തന്ത്രിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി.

സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജനുവരി രണ്ടിന് ബിന്ദുവും കനകദുര്‍ഗയും ക്ഷേത്രദര്‍ശനം നടത്തിയതിനു പിന്നാലെയാണ് തന്ത്രി നടയടച്ച് ശുദ്ധിക്രിയ ചെയ്തത്. ബോര്‍ഡിനോട് ആലോചിക്കാതെയാണ് ഈ നടപടിയെന്നു ചൂണ്ടിക്കാട്ടിയാണ്, വിശദീകരണം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്ത്രിക്കു നോട്ടീസ് നല്‍കിയത്. പതിനഞ്ചു ദിവസത്തിനകം വിശദീകരണം നല്‍കാനായിരുന്നു നിര്‍ദേശം. ഈ സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെ, കൂടുതല്‍ സമയം വേണമെന്ന് തന്ത്രി ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് ഇപ്പോഴത്തെ നടപടി.

നടയടയ്ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബോര്‍ഡുമായി ആലോചിച്ചേ ചെയ്യാവൂ എന്ന് ദേവസ്വം മാനുവലില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ശുദ്ധിക്രിയ തന്ത്രിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നാണ് താഴമണ്‍ കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി താഴമണ്‍ കുടുംബം വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.

ദേവസ്വം ബോര്‍ഡിന്റെ നോട്ടീസിനു മറുപടി നല്‍കുന്നതുമായി ബന്ധപ്പെട്ട് തന്ത്രി നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തുന്നുണ്ടെന്നാണ് വിവരം. നടപടി കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്ന വാദമുള്ള സാഹചര്യത്തിലാണ് നിയമവിദഗ്ധരുമായി ആലോചിക്കുന്നത്.