ശബരിമല സ്ത്രീ പ്രവേശനം : സമവായ ശ്രമവുമായി വീണ്ടും ദേവസ്വം ബോര്‍ഡ്

Jaihind Webdesk
Sunday, October 14, 2018

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വീണ്ടും സമവായ ശ്രമവുമായി ദേവസ്വം ബോര്‍ഡിന്‍റെ നീക്കം.

തന്ത്രികുടുംബം, പന്തളം രാജകുടുംബം, അയ്യപ്പസേവാസംഘം അടക്കം എല്ലാവരുമായും ചർച്ച നടത്തി പ്രശ്നങ്ങള്‍ താല്‍ക്കാലിക പരിഹാരം കാണാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. 16ന് തിരുവനന്തപുരത്ത് വച്ച് ശബരിമലയുമായി നേരിട്ട് ബന്ധപ്പെടുന്ന എല്ലാവരെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്താനുമാണ് തീരുമാനം.

നേരത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തന്ത്രി കുടുംബത്തെ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി വിളിച്ച് ചേർത്ത ചർച്ചയിൽ നിന്നും തന്ത്രി കുടുംബം പിന്മാറിയതോടെ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സർക്കാരിന്‍റെ സമവായ ശ്രമങ്ങൾ വിഭലമായിരുന്നു.

ഇക്കാര്യത്തിൽ പുനഃപരിശോധന സംബന്ധിച്ച് സർക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം മതി ചർച്ചയെന്നും തന്ത്രി കൂടുംബം വ്യക്തമാക്കിയിരുന്നു. തുടർന്നാണ് വീണ്ടും സമവായ ശ്രമവുമായി സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുന്നത്. വിഷയത്തിൽ പുന:പരിശോധനാ ഹർജി നൽകാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ തന്ത്രികുടുംബം, പന്തളം രാജകുടുംബം, അയ്യപ്പസേവാസംഘം അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുക്കുമോ എന്ന ആശങ്കയിലാണ് സർക്കാർ.