ശമ്പളം കൊടുക്കാൻ പണമില്ല, ലോക കേരള സഭയ്ക്കായി കോടികള്‍ ; പ്രതിസന്ധിയിലും സർക്കാരിന്‍റെ ആഢംബരം

Jaihind Webdesk
Sunday, August 1, 2021

തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്ത് തുടർന്ന്  സർക്കാർ.  ലോക കേരള സഭയുടെ പേരിലാണ് ലക്ഷങ്ങളുടെ ധൂർത്ത്. ഓൾ കേരള കൾച്ചറൽ ഫെസ്റ്റിവൽ എന്ന പേരിൽ സാംസ്കാരിക ആഘോഷത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി സംസ്ഥാന സർക്കാർ നൽകി. സർക്കാർ ഉത്തരവിന്‍റെ പകർപ്പ് ജയ്‌ഹിന്ദ്‌ ന്യൂസിന് ലഭിച്ചു. ശമ്പളം കൊടുക്കാൻ പോലും കോടികൾ കടമെടുക്കുമ്പോഴാണ് സർക്കാർ വക ധൂർത്ത്.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കടുക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാർ ലക്ഷങ്ങളുടെ ധൂർത്ത് തുടരുന്നത്. 2021-22 വർഷ കാലയളവിൽ ഒരു കോടി രൂപ ചെലവിൽ ലോക കേരളസഭ സംഘടിപ്പിക്കാൻ സർക്കാർ ഭരണാനുമതി നൽകിയതിൻ്റെ ഉത്തരവാണ് പുറത്ത് വരുന്നത്. സമ്മേളനവുമായി ബന്ധപ്പെട്ട ഓൾ കേരള കൾച്ചറൽ ഫെസ്റ്റിവൽ എന്ന പേരിൽ സാംസ്കാരിക ആഘോഷത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഉത്തരവിൻ്റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

വെബ്‌സൈറ്റ് മാനേജ്മെൻറ്, പബ്ലിസിറ്റി, മുൻ ശുപാർശകൾ നടപ്പിലാക്കൽ, ഇവന്റ് മാനേജ്മെന്റ്, അംഗങ്ങൾക്കും ജീവനക്കാർക്കും താമസം, ഭക്ഷണം, ഗതാഗതം, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ആവശ്യങ്ങൾക്കായാണ് സർക്കാർ പണം അനുവദിച്ചത്. കൊവിഡ് കാലത്ത് പ്രതിസന്ധികൾ നേരിട്ട പ്രവാസികൾക്ക് ഏതെങ്കിലും തരത്തിൽ ലോക കേരളസഭ സഹായകമായില്ല എന്ന ആക്ഷേപവും ശക്തമാണ്. ലോക കേരളസഭയുടെ പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബത്തോടൊപ്പം വിദേശയാത്രകൾ നടത്തിയതൊഴിച്ചാൽ പ്രവാസി സമൂഹത്തിന് ഒരു പ്രയോജനമൊന്നുമുണ്ടായിട്ടില്ല എന്നതാണ് വാസ്തവം.

കൊവിഡ് മൂന്നാം തരംഗ ഭീഷണി നിലനിൽക്കെ അന്താരാഷ്ട്ര സമ്മിറ്റുകൾ പോലും ഓൺലൈനിൽ നടത്തുമ്പോൾ എന്തു ആവശ്യത്തിനാണ് ഈ ലോക കേരള സഭ കൂടുന്നത്, രോഗ വ്യാപനത്തിൻ്റെ തീവ്രത കൂടുന്നതിനിടയിൽ ലോക കേരളസഭയുടെ പേരിൽ നടത്തുന്ന കലാ സാംസ്ക്കാരിക പരിപാടികൾ ആർക്ക് വേണ്ടിയാണ് എന്നീ ചോദ്യങ്ങൾ ഇതിനോടകം തന്നെ കേരള സമൂഹത്തിൽ നിന്ന് ഉയർന്നുകഴിഞ്ഞു.

നിത്യനിതാന ചെലവിന് പൊതുജനം നെട്ടോട്ടം ഓടുന്നതിനിടെ ഒരു വശത്ത് കൊവിഡ് പ്രോട്ടോക്കോളിൻ്റെ പേരിൽ ഫൈൻ ചുമത്തി ജനങ്ങളെ ദ്രോഹിക്കുന്ന സർക്കാർ തന്നെയാണ് മറുവശത്ത് ലോകകേരള സഭയുടെ പേരിൽ ലക്ഷങ്ങളുടെ ധൂർത്ത് നടത്തുന്നത്.