സമരം തീർന്നിട്ടും സർവീസുകള്‍ വീണ്ടും റദ്ദാക്കി എയർ ഇന്ത്യ; കണ്ണൂരില്‍ രണ്ടും കരിപ്പൂരില്‍ ഒന്നും വിമാനങ്ങള്‍ റദ്ദാക്കി

 

കണ്ണൂർ: ജീവനക്കാരുടെ സമരം തീർന്നിട്ടും എയർ ഇന്ത്യ സർവീസുകൾ ഇന്നും റദ്ദാക്കി. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ ഇന്ന് സർവീസ് നടത്തില്ല. ദമാം, അബുദാബി സർവീസുകളാണ് സർവീസ് റദ്ദാക്കിയത്. കരിപ്പൂരിൽ നിന്നുള്ള ഒരു സർവീസും റദ്ദാക്കിയിട്ടുണ്ട്. സർവീസുകള്‍ റദ്ദാക്കിയതിനെതിരെ കഴിഞ്ഞദിവസം വിമാനത്താവളങ്ങളിൽ യാത്രക്കാർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.

കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ 5.15 ന് പുറപ്പെടേണ്ട ദമാം, രാവിലെ 9.20 നുള്ള അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. അതേസമയം വിമാനം റദ്ദാക്കിയ കാര്യം യാത്രക്കാരെ അറിയിച്ചിരുന്നതായി വിമാനക്കമ്പനി പറയുന്നു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചു വാങ്ങുകയോ ലഭ്യമായ മറ്റൊരു ദിവസത്തേക്കു ബുക്കിംഗ് മാറ്റുകയോ ചെയ്യാമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. കരിപ്പൂരില്‍ നിന്ന് രാവിലെ 8.25 നുള്ള കരിപ്പുർ-ദുബായ് സർവീസാണ് റദ്ദാക്കിയത്. 50 സർവീസുകൾ വരെ ഇന്ന് മുടങ്ങിയേക്കാമെന്നാണു സൂചന. നാളത്തെ ചില സർവീസുകളും റദ്ദാക്കിയിട്ടുണ്ടെന്നു യാത്രക്കാർ സാമൂഹ്യമാധ്യമങ്ങളിലൂടെ പറയുന്നു.

വ്യാഴാഴ്ച വൈകിട്ട് ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. മിന്നൽ പണിമുടക്കിന്‍റെ പേരിൽ പിരിച്ചുവിട്ട 25 പേരെ തിരിച്ചെടുത്തു. സമരം നടന്ന 3 ദിവസത്തില്‍ ഏകദേശം 245 സർവീസുകളാണ് മുടങ്ങിയത്. വിവിധ ആവശ്യങ്ങളുടെ പേരില്‍ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തതോടെയാണ് എയർ ഇന്ത്യയില്‍ പ്രതിസന്ധി ഉടലെടുത്തത്.

Comments (0)
Add Comment