സാമ്പത്തിക തകർച്ചക്കിടയിലും ധൂർത്ത് തുടർന്ന് സർക്കാർ ; പിആർ ക്യാമ്പയിന് മാത്രം ഒരു കോടി ഇരുപതു ലക്ഷം അനുവദിച്ച് ഉത്തരവിറങ്ങി

Jaihind Webdesk
Saturday, June 26, 2021

തിരുവനന്തപുരം:  സാമ്പത്തിക തകർച്ചക്കിടയിലും ധൂർത്ത് തുടർന്ന് പിണറായി സർക്കാർ. പിആർ ക്യാമ്പയിനായി മാത്രം ഒരു കോടി ഇരുപതു ലക്ഷം രൂപ അനുവദിച്ച് ഉത്തരവ് ഇറങ്ങി. സർക്കാരിന്‍റെ പരസ്യപ്രചരണ പരിപാടികൾക്ക് മാത്രമാണ് കോടികളുടെ ധൂർത്ത് നടത്തുന്നത്.

അവയർനെസ് ക്യാമ്പയിന്റെ ഭാഗമായാണ് സർക്കാർ കോടികൾ ചെലവാക്കുന്നത്. നടപ്പ് സാമ്പത്തിക വർഷം സ്പെഷ്യൽ പിആർ ക്യാമ്പയിനായി വകയിരുത്തിരിക്കുന്നത് നാലരക്കോടി രൂപയാണ്‌. ഇതിൽ സർക്കാരിന്‍റെ പരസ്യപ്രചരണ പരിപാടികൾക്ക് 1,95,76,000 രൂപ അനുവദിച്ചാണ് ഉത്തരവ് ഇറങ്ങിയത്‌. ഇതിൽ ഒരു കോടി ഇരുപതു ലക്ഷം രൂപ പിആർ ക്യാമ്പയിനു മാത്രം ചെലവാക്കാനാണ് ഉത്തരവ്. സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണത്തിനും പരസ്യ പ്രചരണ ബോർഡുകൾ സ്ഥാപിക്കുന്നതിനും ഉൾപ്പടെയാണ് തുക.

മുഖ്യമന്ത്രി ദിവസവും മാധ്യമങ്ങളുമായി സംവദിക്കുന്നത് പി ആർ ക്യാമ്പയിന്‍റെ ഭാഗമാണെന്ന സൂചനയും ഈ ഉത്തരവിൽ ഉണ്ട്. വൻ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്തിനായി കോടികൾ ചിലവാക്കുന്നത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ തുടർച്ചയായി കടമെടുക്കേണ്ട സാഹചര്യം ഉള്ളപ്പോഴാണ് ഇത്തരം ആർഭാടത്തിനായി കോടികൾ ചെലവഴിക്കാന്‍ ഉത്തരവിറക്കിയത്.

ഫീൽഡ് പബ്ലിസിറ്റി വിഭാഗം ഇൻഫർമേഷൻ ഓഫീസറുടെ പ്രൊപോസൽ പ്രകാരമാണ് തുക അനുവദിച്ച് ഉത്തരവ് ഇറക്കിയത്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്തും കോടികളാണ് പിആർ ക്യാമ്പയിനായി  ചെലവഴിച്ചത്. വീണ്ടും അധികാരത്തിലെത്തി ഒരു മാസം മാത്രം കഴിയുമ്പോഴും കോടിക്കണക്കിന് രൂപ വീണ്ടും ചെലഴിച്ച് ധൂർത്ത് തുടരുകയാണ് പിണറായി സർക്കാർ.