വിദേശത്തുനിന്ന് പിടിച്ചെടുത്ത കള്ളപ്പണം; മറുപടി നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

വിദേശത്തുനിന്ന് ഇതുവരെ പിടിച്ചെടുത്ത കള്ളപ്പണം സംബന്ധിച്ച വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. വിവരം പുറത്ത് വിട്ടാൽ നിലവിലുള്ള അന്വേഷണത്തെ ബാധിക്കുമെന്നാണ് വിശദീകരണം നൽകിയത്. ഇത് വിവരാവകാശത്തിന്‍റെ പരിധിയിൽ വരില്ലെന്നും പി.എം.ഒ അറിയിച്ചു.

കള്ളപ്പണം തിരികെ എത്തിക്കുന്നത് സംബന്ധിച്ച് മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ചതുർവേദിയുടെ വിവരാവകാശപ്രകാരമുള്ള ചോദ്യത്തിനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നിഷേധിച്ചത്. ഇത്തരം വിവരങ്ങൾ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്നായിരുന്നു കഴിഞ്ഞ വർഷം ഒക്ടോബറിൽ പി.എം.ഒ മറുപടി നൽകിയിരുന്നത്. ഇതിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ച കേന്ദ്ര വിവരാവകാശ കമ്മീഷൻ 15 ദിവസത്തിനുള്ളിൽ ഇക്കാര്യത്തില്‍ മറുപടി നൽകാൻ നിർദേശിച്ചിരുന്നു. തുടർന്നാണ് വിവരങ്ങൾ കൈമാറിയാൽ കള്ളപ്പണ വിഷയത്തിൽ നിലവിലുള്ള അന്വേഷണത്തെ ബാധിക്കുമെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കാട്ടി സഞ്ജീവ് ചതുർവേദിക്ക് നൽകിയ വിശദീകരണത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. കള്ളപ്പണത്തെ കുറിച്ചുള്ള വിവരങ്ങൾ സർക്കാരിന്‍റെ രഹസ്യാന്വേഷണ ഏജൻസികളും സുരക്ഷാ ഏജൻസികളുമായി ബന്ധപ്പെട്ടവയാണെന്നും അതിനാൽ മറുപടി നൽകാനാവില്ലെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ആവർത്തിച്ചുള്ള വിശദീകരണം.

കള്ളപ്പണം തിരികെ എത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 2014 ജൂൺ ഒന്നിനുശേഷം എത്രമാത്രം പണം തിരികെയെത്തിയെന്നായിരുന്നു ചതുർവേദി ചോദ്യമുന്നയിച്ചിരുന്നത്. 2014ൽ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ നരേന്ദ്ര മോദി മുന്നോട്ട് വെച്ച പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കള്ളപ്പണം തിരികെയെത്തിക്കുമെന്നത്. കൂടാതെ, തിരികെ എത്തിക്കുന്ന കള്ളപ്പണം രാജ്യത്തെ പൗരന്മാരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്നും ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു.

black moneynote banPM Narendra Modi
Comments (0)
Add Comment