മണ്ണിടിച്ചിലില്‍ കുടുങ്ങിയ അർജുനെ രക്ഷിക്കാന്‍ തീവ്രശ്രമം; ഇടപെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ

 

ബംഗളുരു: കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനായി തിരച്ചിൽ ഊർജ്ജിതം. വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു. കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയോട് അന്വേഷിക്കാൻ നിർദേശം നൽകി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി കർണാടക മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്തു. അടിയന്തര ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി വിഷയം ചർച്ച ചെയ്തു.

രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കാൻ പോലീസിനും അഗ്നിശമന സേനയ്ക്കും നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിവരങ്ങൾ എത്രയും പെട്ടെന്ന് നൽകാമെന്ന് പോലീസ് മുഖ്യമന്ത്രിയെ അറിയിച്ചു. നിലവില്‍ എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്സ് എന്നിവയുടെ നേതൃത്വത്തിലാണ് ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ജൂലൈ എട്ടിനാണ് കോഴിക്കോട് സ്വദേശിയായ അര്‍ജുൻ ലോറിയില്‍ പോയത്. തിങ്കളാഴ്ചയാണ് അവസാനമായി വിളിച്ച് സംസാരിച്ചതെന്ന് അര്‍ജുന്‍റെ വീട്ടുകാര്‍ പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ ഫോണില്‍ കിട്ടുന്നില്ല. ഇന്ന് രാവിലെ വിളിച്ചപ്പോള്‍ അര്‍ജുന്‍റെ ഫോണ്‍ റിംഗ് ചെയ്തിരുന്നു. പിന്നീട് സ്വിച്ച് ഓഫായെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ഏറ്റവും ഒടുവിൽ റിംഗ് ചെയ്ത നമ്പർ കർണാടക സൈബർ സെല്ലിന് കൈമാറി. ഇന്നലെ രാത്രി വരെ ലോറിയുടെ എഞ്ചിൻ ഓണായിരുന്നുവെന്ന് ഭാരത് ബെന്‍സ് കമ്പനി പറയുന്നു. വാഹനത്തിന്‍റെ ജിപിഎസ് ലോക്കേഷൻ ഇപ്പോഴും മണ്ണിനിടയില്‍ തന്നെയാണ്.

Comments (0)
Add Comment