വര്‍ണവിവേചനത്തിനെതിരെ പോരാടിയ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

 

നൊബേൽ ജേതാവും ദക്ഷിണാഫ്രിക്കന്‍ ആർച്ച് ബിഷപ്പുമായ ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു. വര്‍ണ്ണവിവേചനത്തിനെതിരായ പോരാട്ടം നയിച്ച വ്യക്തിയാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ ടുട്ടു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമഫോസയാണ് ഡെസ്മണ്ട് ടുട്ടുവിന്‍റെ മരണം അറിയിച്ചത്.

നേരത്തെ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന് ചികിത്സ തേടിയിരുന്ന അദ്ദേഹം അടുത്തകാലത്തായി ക്യാന്‍സറിനെ തുടര്‍ന്നുള്ള അണുബാധയ്ക്ക് ചികിത്സയിലായിരുന്നു. കേപ്ടൗണിലെ ഒയാസിസ് ഫ്രെയില്‍ കെയര്‍ സെന്‍ററില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ഡെസ്മണ്ട് ടുട്ടുവിന്‍റെ വേർപാട് ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചടത്തോളം മറ്റൊരു അധ്യായത്തിന്‍റെ അവസാനമാണെന്ന് പ്രസിഡ‍ന്‍റ് സിറിൽ റമഫോസ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

1980 കാലഘട്ടത്തില്‍ വര്‍ണവിവേചനത്തിനെതിരെ പോരാട്ടം നയിച്ചാണ് അദ്ദേഹം ലോകശ്രദ്ധ നേടിയത്. പോരാട്ടങ്ങള്‍ക്കായി അദ്ദേഹം തന്റെ പദവി ഉപയോഗിച്ചു. 1984 ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകി ലോകം അദ്ദേഹത്തെ ആദരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് നൊബേല്‍ സമ്മാനം നേടുന്ന രണ്ടാമത്തെ വ്യക്തിയാണ് ഡെസ്മണ്ട് ടുട്ടു. നൊബേലിന് പുറമെ സാമൂഹിക സേവനത്തിനുള്ള ആൽബർട്ട് ഷ്വിറ്റ്സർ പുരസ്കാരം, ഗാന്ധി സമാധാന സമ്മാനം, പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം എന്നിവയും അദ്ദേഹത്തിന് ലഭിച്ചു.

2005ൽ ഇന്ത്യയിലെത്തിയ ഡെസ്മണ്ട് ടുട്ടു കേരളവും സന്ദർശിച്ചിരുന്നു. 2005 ലെ ഗാന്ധി സമാധാന പുരസ്കാരം അന്നത്തെ രാഷ്‌ട്രപതി ഡോ. എപിജെ അബ്‌ദുൽ കലാം അദ്ദേഹത്തിന് സമ്മാനിച്ചു. നെൽസൺ മണ്ടേലയ്‌ക്ക് ശേഷം ഗാന്ധി പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കക്കാരനായിരുന്നു ടുട്ടു. 1996ൽ ആർച്ച് ബിഷപ്പ് പദവിയിൽനിന്ന് വിരമിച്ച അദ്ദേഹം പിന്നീട് ആർച്ച് ബിഷപ്പ് എമെരിറ്റസ് സ്‌ഥാനം അലങ്കരിക്കുകയായിരുന്നു. ധാർമ്മികതയുടെ ആള്‍രൂപമെന്നായിരുന്നു സാമൂഹിക നിരീക്ഷകരും ദക്ഷിണാഫ്രിക്കയിലെ ജനങ്ങളും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

Comments (0)
Add Comment