‘ഏകാധിപതികള്‍ ഉണ്ടാകുന്നത് കൃത്രിമമായി നിര്‍മ്മിക്കുന്ന നായക പരിവേഷത്തിലൂടെ’ ; പിണറായിയെ ട്രോളി ദേശാഭിമാനി

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി ദേശാഭിമാനി. ആഗസ്റ്റ് 15ന് ഇറങ്ങിയ ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പില്‍ നോം ചോംസ്‌കിയുടേതായി വന്ന അഖില്‍.എസ് മുരളീധരന്‍ എഴുതിയ ‘ഭയമാണ് ഇന്ത്യ’ എന്ന ലേഖനത്തിലാണ് പിണറായിയെ പത്രം പരോക്ഷമായി ട്രോളിയത്.

ലേഖനത്തില്‍ ഏകാധിപതികള്‍ ഉണ്ടാകുന്നത് എന്ന തലക്കെട്ടിലെ ഖണ്ഡികയില്‍, ‘ഏകാധിപതികള്‍ ഉണ്ടാകുന്നത് അവര്‍ കൃത്രിമമായി നിര്‍മ്മിക്കുന്ന നായക പരിവേഷങ്ങളിലൂടെയാണ്. രക്ഷകന്റെ രൂപത്തില്‍ അവതരിക്കുന്ന ഈ ബിംബങ്ങള്‍ ക്രമേണ വ്യക്തിയിലും സമൂഹത്തിലും ഇടപെടും. അധികാര രൂപങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. പോസ്റ്റ് ട്രൂത്ത് മാധ്യമങ്ങളില്‍ ഇടപെടുന്നത്, ഭരണകൂട പ്രീണനം നടത്തുന്നത് എന്നിങ്ങനെ പരസ്പര ആശ്രിതത്വത്തിന്റെ ഒരു മാതൃക ഇവിടെ ഉണ്ടായി വരുന്നു, ലോകത്ത് ഇപ്പോഴുള്ള ഭരണകൂടങ്ങള്‍ അവിടെയുള്ള രാഷ്ട്രീയ നയങ്ങള്‍, അധികാരികള്‍ എന്നിവയില്‍ ഇതിന്റെ രൂപം കാണാന്‍ സാധിക്കും’ എന്ന് പറയുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് ക്യാപ്റ്റനായും പിന്നെ ദൈവവുമായി അണികള്‍ പിണറായി വിജയനെ ചിത്രീകരിച്ചതും പി.ആര്‍ വര്‍ക്കിലൂടെയാണ് അധികാരത്തില്‍ തിരിച്ചെത്തിയതെന്ന വിമര്‍ശനവും കൂട്ടി വായിക്കുമ്പോള്‍ നോം ചോംസ്‌കിയുടെ നിരീക്ഷണം പിണറായി വിജയന്റെ കാര്യത്തില്‍ ശരിയാണെന്ന് കാണാം. ഒന്നാം പിണറായി മന്ത്രിസഭയില്‍ സ്വന്തമായി പേരെടുക്കാന്‍ ശ്രമിച്ച കെ.കെ ശൈലജ പിന്നീട് ഒറ്റപ്പെടുന്നതും കണ്ടു. ആ അനുഭവം വച്ച് ഈ മന്ത്രിസഭയിലെ മന്ത്രിമാര്‍ നിശബ്ദരാണ്. പിണറായി വിജയന്റെ ഏകാധിപത്യ രീതികള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ സംസാരമാണ്. ഈ സാഹചര്യത്തിലാണ് ദേശാഭിമാനിയുടെ നിരീക്ഷണമെന്നതും ശ്രദ്ധേയമാണ്.

Comments (0)
Add Comment