മന്‍മോഹന്‍സിംഗിന്‍റെ പ്രവചനം യാഥാര്‍ഥ്യം; ശരിവെച്ച് കേന്ദ്രസര്‍ക്കാർ

നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ പ്രചവനം ശരിവെച്ച് കേന്ദ്രസർക്കാർ. നോട്ടുനിരോധനം കർഷകർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കൃഷിമന്ത്രാലയമാണ് സമ്മതിച്ചത്. ധനകാര്യത്തെക്കുറിച്ച് പാർലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിലാണ് കൃഷി മന്ത്രാലയം ഇക്കാര്യം സമ്മതിക്കുന്നത്.

”ശൈത്യകാലത്തേക്കുള്ള വിളവിനായി ലക്ഷക്കണക്കിന് കർഷകർക്ക് വിത്തും വളവും വാങ്ങിക്കാൻ പണമില്ലാത്ത അവസ്ഥ വന്നു. കർഷകർക്ക് ദിവസക്കൂലി നൽകുന്നതിനും കൃഷിക്കായി വിത്തുകൾ വാങ്ങുന്നതിനും പണമില്ലാതെ വലിയ ഭൂവുടമകൾ പോലും ബുദ്ധിമുട്ടി” – എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിലെ 263 മില്യൺ കർഷകരും പണം അടിസ്ഥാനമായുള്ള സമ്പദ് വ്യവസ്ഥയെയാണ് കൂടുതലായി ആശ്രയിക്കുന്നതെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും കറൻസി നോട്ടുകൾ നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം വന്ന് രണ്ടുവർഷത്തിനിപ്പുറമാണ് കാർഷിക മന്ത്രാലയം ഇക്കാര്യം സമ്മതിച്ച് രംഗത്ത് വന്നിരിക്കുന്നത്.

കർഷകർ വിളകൾ വിൽക്കുകയോ റാബി വിളകൾ വിതയ്ക്കുകയോ ചെയ്യുന്ന സമയത്താണ് ഇത് സംഭവിച്ചതെന്നും മന്ത്രാലയം പറയുന്നു. ഇരുസാഹചര്യത്തിലും പണം വളരെ പ്രധാനപ്പെട്ടതായിരുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പണത്തിന്‍റെ അഭാവം കാരണം ദേശീയ വിത്ത് കോർപറേഷന് 1.38 ലക്ഷം ക്വിന്‍റൽ ഗോതമ്പ് വിത്ത് വിൽക്കാൻ കഴിഞ്ഞില്ല. ഗോതമ്പ് പ്രധാന റാബി വിളയാണ്. ഇന്ത്യയിൽ 300ലക്ഷം ഹെക്ടറോളം ഗോതമ്പ് കൃഷിയുണ്ട്. കാർഷിക ഉല്‍പന്നങ്ങൾ വാങ്ങാനായി പഴയ കറൻസി ഉപയോഗിക്കാൻ കേന്ദ്രസർക്കാർ അനുവാദം നൽകിയിട്ടും ഗോതമ്പ് വിത്ത് വിപണനം മെച്ചപ്പെട്ടില്ലെന്നും കാർഷിക മന്ത്രാലയം പറയുന്നു. സംഘടിതമായ കൊള്ളയെന്നാണ് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് നോട്ടുനിരോധനത്തെ വിമർശിച്ചുകൊണ്ട് പറഞ്ഞത്.

Demonetisation
Comments (0)
Add Comment