ഒക്ടോബർ 11 മുതല്‍ മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള നടപടി തുടങ്ങും

കൊച്ചി മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗം കൊച്ചിയിൽ നടന്നു. ഒക്ടോബർ 11 മുതൽ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള നടപടികൾ ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി.

സുപ്രീം കോടതി വിധി പ്രകാരം മരടിലെ ഫ്ലാറ്റ് പൊളിച്ചുമാറ്റാന്‍ രണ്ട് കമ്പനികളെ ചുമതലപ്പെടുത്തും. മരട് ഫ്ളാറ്റുകൾ പൊളിക്കാൻ ചുമതലപ്പെടുത്തേണ്ട സ്ഥാപനങ്ങളെ രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്നും ഈ മാസം 11 ന് തന്നെ ഫ്ളാറ്റുകൾ, പൊളിക്കാനുള്ള കമ്പനികൾക്ക് കൈമാറുമെന്നും യോഗത്തിന് ശേഷം ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.

നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കുന്നതിലുള്ള പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിച്ചാവും പൊളിക്കൽ നടപടികൾ ആരംഭിക്കുക. സുപ്രീം കോടതി നിർദേശിച്ച സമയ പരിധിയിൽ തന്നെ നഷ്ട പരിഹാരം ഫ്ളാറ്റ് ഉടമകൾക്ക് നൽകുമെന്നും ഇത് സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ നായർ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ തീരുമാന പ്രകാരമായിരിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

അതേ സമയം ഫ്ലാറ്റുകളിൽ നിന്ന് താമസക്കാർ പൂർണമായും ഒഴിഞ്ഞുപോയി കഴിഞ്ഞു. ഇപ്പോൾ താമസക്കാരുടെ സാധന സാമഗ്രികൾ മാറ്റുന്ന ജോലികളാണ് നടക്കുന്നത്. എന്നാൽ നിലവിൽ ഉടമകൾ എത്താത്ത 15 ഫ്ലാറ്റുകൾ ഉള്ളതിനാൽ ഇവിടെയുള്ള സാധനങ്ങൾ റവന്യൂ വകുപ്പ് നേരിട്ട് ഏറ്റെടുക്കും. യോഗത്തിൽ ജില്ലാ കളക്ടർ എസ് സുഹാസ്, അസിസ്റ്റന്‍റ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് തുടങ്ങിയവരും പങ്കെടുത്തു.

marad flat issue
Comments (0)
Add Comment