നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോള്‍ ഇന്ത്യയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെട്ടു; ഭാരത്‌ജോഡോ യാത്ര ലക്ഷ്യം കണ്ടെന്നും രാഹുല്‍ ഗാന്ധി

വാഷിങ്ടണ്‍: മോദി അധികാരത്തിലെത്തിയതോടെ ഇന്ത്യയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെട്ടുവെന്ന് ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. അതുവരെ കണ്ടിട്ടില്ലാത്ത ആക്രമണകരമായ ഒരു ഘട്ടത്തിലേക്കാണ് 2014 ഓടെ ഇന്ത്യ കടന്നത്. മാധ്യമങ്ങളും കോടതികളും ഉള്‍പ്പെടെയുള്ള ജനാധിപത്യ വ്യവസ്ഥിതികളെല്ലാം പ്രവര്‍ത്തനരഹിതമായി. ജനങ്ങളിലേക്കെത്താന്‍ പ്രതിപക്ഷത്തിന് മുന്നില്‍ പിന്നീട് അവശേഷിച്ചിരുന്ന ഒരേ ഒരു വഴി ഭാരത് ജോഡോ യാത്രയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. യുഎസ് സന്ദര്‍ശനത്തിനിടെ വാഷിങ്ടണ്‍ ഡിസിയില്‍ നടത്തിയ പ്രസ് മീറ്റിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

ഭാരത് ജോഡോ യാത്ര തനിക്ക് വ്യക്തിപരം കൂടി ആയിരുന്നു. തന്റെ രാജ്യത്ത് എന്തൊക്കെ നടക്കുന്നു എന്ന നേരിട്ട് കണ്ടറിയാന്‍ ചെറുപ്പം മുതലേ ആഗ്രഹിച്ചിരുന്നു. 2014 ന് മുന്‍പ് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടക്കുക എന്ന ആശയം കേട്ടാല്‍ ഒരുപക്ഷെ ഞാന്‍ ചിരിക്കുമായിരുന്നു.

പക്ഷെ നിലവില്‍ കടുത്ത പോരാട്ടമാണ് രാജ്യത്തില്‍ നടക്കുന്നത്. മോദി ഭരണത്തിന് കീഴില്‍ മാധ്യമങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു. ജനാധിപത്യ സ്ഥാപനങ്ങള്‍ നിയന്ത്രിക്കപ്പെട്ടു. സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള ആയുധമായി. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ ഭാരത് ജോഡോ യാത്ര അതിന്റെ ലക്ഷ്യം കണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Comments (0)
Add Comment