മോത്തിലാൽ വോറയുടെ നിര്യാണത്തോടെ കോണ്‍ഗ്രസിനും ഇന്ത്യൻ രാഷ്ട്രീയത്തിനും നഷ്ടമായത് കരുത്തുറ്റ നേതാവിനെ

Jaihind News Bureau
Monday, December 21, 2020

മുതിർന്ന നേതാവ് മോത്തിലാൽ വോറയുടെ നിര്യാണത്തോടെ കോണ്‍ഗ്രസിനും ഇന്ത്യൻ രാഷ്ട്രീയത്തിനും നഷ്ടമായത് കരുത്തുറ്റ നേതാവിനെ. മധ്യപ്രദേശ് മുഖ്യമന്ത്രി, എഐസിസി ട്രഷറർ എന്നിങ്ങനെ നിരവധി തന്ത്രപ്രധാനമായ പദവികൾ അലങ്കരിച്ച വ്യക്തിത്വമായിരുന്നു മോത്തിലാൽ വോറ. ഇന്ദിര ഗാന്ധി മുതൽ രാഹുൽ ഗാന്ധി വരെയുള്ള നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയ നേതാവ് കൂടിയാണ് അദ്ദേഹം.

1927 ഡിസംബർ 20 ന് രാജസ്ഥാനിൽ മോഹൻലാൽ വോറയുടെയും അമ്പ ഭായിയുടെയും മകനായി ജനനം. പിന്നീട് കുടുംബം മധ്യപ്രദേശിലേയ്ക്ക് കുടിയേറി. റായ്‌പൂരിലും, കൊൽക്കത്തയിലുമായി പഠനം പൂർത്തിയാക്കിയ ശേഷം നവ ഭാരത് ടൈംസ് ഉൾപ്പെടെയുള്ള പത്രങ്ങളിൽ പ്രാദേശിക ലേഖകനായി. തുടർന്നാണ് രാഷ്ട്രീയ പ്രവേശനം. പ്രജ സമാജ്‌വാദി പാർട്ടിയിൽ ആയിരുന്നു തുടക്കം. തുടർന്ന് 1972 കോണ്‍ഗ്രസിൽ എത്തി. അതേ വർഷം തന്നെ നിയമസഭാ അംഗമായ മോത്തിലാല്‍ വോറയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല എന്നതാണ് യാഥാർത്ഥ്യം. അടിയന്തരാവസ്ഥക്ക് ശേഷം രാജ്യത്ത് കോണ്‍ഗ്രസ് വലിയ പരാജയം നേരിട്ടപ്പോഴും സ്വന്തം മണ്ഡലത്തിൽ വൻ വിജയം നേടി മോത്തിലാൽ വോറ കരുത്ത് കാട്ടി. 1980 ൽ മോത്തിലാൽ വോറ മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി. തുടർന്ന് 1985 ൽ മധ്യപ്രദേശ് മുഖ്യമന്ത്രി പദം. തുടർന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ കേന്ദ്ര നേതൃത്വത്തിലേക്ക്. എ ഐ സി സി ട്രഷറർ, എ ഐ സി സി ജനറൽ സെക്രട്ടറി എന്നീ പദവികളും അദ്ദേഹം അലങ്കരിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രി, കേന്ദ്ര വ്യോമയാന മന്ത്രി, ഉത്തർ പ്രദേശ് ഗവർണർ എന്നീ പദവികളും അദ്ദേഹത്തെ തേടിയെത്തി. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, പി വി നാരസിംഹ റാവു, സോണിയ ഗാന്ധി എന്നിവരുടെ വിശ്വസ്തനായിരുന്നു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള യുവതലമുറ നേതാക്കളുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു.

പ്രവർത്തി പരിചയം കൊണ്ടും സംഘടന പാഠവം കൊണ്ടും കോണ്‍ഗ്രസ് പാർട്ടിയുടെ നിർണായക ഘട്ടങ്ങളിൽ മോത്തിലാൽ വോറ നിറ സാന്നിധ്യം ആയിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാക്കളുടെ പട്ടിക എടുത്താലും മോത്തിലാൽ വോറ പകരം വയ്ക്കാൻ കഴിയാത്ത വ്യക്തത്വമാണ്. ആ മഹത് വ്യക്തിത്വത്തെയാണ് കോണ്‍ഗ്രസിനും ഇന്ത്യൻ രാഷ്ട്രീയത്തിനും ഇപ്പോൾ നഷ്ടമായിരിക്കുന്നത്.