അഹമ്മദ് പട്ടേൽ യാത്രയാകുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് നഷ്ടമാകുന്നത് കരുത്തനായ നേതാവിനെ

Jaihind News Bureau
Wednesday, November 25, 2020

Ahmed-Patel

അഹമ്മദ് ഭായി എന്ന് സഹപ്രവർത്തകർ വിളിക്കുന്ന അഹമ്മദ് പട്ടേൽ യാത്രയാകുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ കരുത്തനായ നേതാവിനെയാണ് പാർട്ടിക്ക് നഷ്ടപ്പെടുന്നത്. അണിയറയിലിരുന്ന് രാഷ്ട്രീയ തന്ത്രങ്ങൾ മെനഞ്ഞിരുന്ന അഹമ്മദ് ഭായി എക്കാലവും സോണിയാഗാന്ധിയുടെ കുടുംബവുമായി ഇഴകിച്ചേർന്ന് പ്രവർത്തിച്ച നേതാവായിരുന്നു. വിശേഷണങ്ങൾ ഒത്തിരി ചാർത്തി നൽകാനുണ്ട് പ്രിയപ്പെട്ട അഹമ്മദ് ഭായിക്ക്. ആ ജീവിത രേഖയുടെ ചില ഓർമ്മപ്പെടുത്തലുകളിലേയ്ക്ക് നമുക്ക് പോകാം.

ഒന്നും രണ്ടും യുപിഎ സർക്കാരിന്‍റെ രൂപീകരണത്തിൽ അദ്ദേഹത്തിന്‍റെ പങ്ക് നിർണായകമായിരുന്നു. ഏറ്റവും ഒടുവിൽ മഹാരാഷ്ട്രയിൽ ശിവസേനയുമായി കൈകോർത്ത് അധികാരം പങ്കു വയ്ക്കുന്നതിലും അഹമ്മദ് പട്ടേലാണ് നിർണായകമായ പങ്കുവഹിച്ചത്.

സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി, എഐസിസി ട്രഷറർ എന്നീ സ്ഥാനങ്ങളിൽ ഇരുന്ന് കൊണ്ട് കോൺഗ്രസിൽ തന്ത്രങ്ങൾ മെനയുന്നതിൽ ആശാനായിരുന്നു അഹമ്മദ് പട്ടേൽ . പൊതുവേദികളിലും പ്രസംഗമണ്ഡപങ്ങളിലും അപൂർവമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള അഹമ്മദ് പട്ടേൽ കോൺഗ്രസിലെ ക്രൈസിസ് മാനേജമെന്‍റിന്‍റെ ബുദ്ധികേന്ദ്രമായിരുന്നു. രാജീവ് ഗാന്ധിയായിരുന്നു അഹമ്മദ് പട്ടേലിന്‍റെ രാഷ്ട്രീയ വളർച്ചയ്ക്ക് നിമിത്തമായതെങ്കിൽ പിന്നീട് സോണിയാ ഗാന്ധിയ്ക്കും അഹമ്മദ് പട്ടേലിന്‍റെ പ്രവർത്തന ശൈലി അവിഭാജ്യ ഘടകമായി മാറി.

കോളേജിൽ പഠിക്കുമ്പോൾ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന അഹമ്മദ് പട്ടേൽ രാഷ്ട്രീയത്തിലും ഓൾറൗണ്ടറായിരുന്നു. എന്ത് പ്രതിസന്ധികളിലും ചിരിക്കുന്ന മുഖവുമായി നിറഞ്ഞു നിന്നിരുന്ന അഹമ്മദ് പട്ടേൽ കോൺഗ്രസിന്‍റെ ഒരു പ്രത്യേകത ആയിരുന്നു. ഒക്ടോബർ ഒന്നിന് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ആകുന്നതുവരെ കോൺഗ്രസിന്‍റെ ചിന്തയിലും പ്രവർത്തനപദത്തിലും അഹമ്മദ് ഭായ് നിറഞ്ഞുനിന്നു. ആറാം ലോകസഭയിലേയ്ക്ക് മൽസരിക്കുമ്പോൾ 28 വയസ്സായിരുന്നു അഹമ്മദ് പട്ടേലിന്. അടിയന്തരാവസ്ഥയ്ക്ക് ശേഷം വന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇന്ത്യയിലാകെ അടിപതറിയപ്പോഴും ഗുജറാത്തിലെ ഭറൂച്ചിൽ നിന്നും ചിരിച്ചുകൊണ്ടായിരുന്നു അഹമ്മദ് ഭായ് ലോകസഭയിലേയ്ക്ക് നടന്നു വന്നത്.

പിന്നീട് രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായും ദേശീയ രാഷ്ട്രീയത്തിൽ അഹമ്മദ് പട്ടേൽ നിറസാന്നിദ്ധ്യമായി മാറി. സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായപ്പോൾ രാഷ്ട്രീയ കാര്യ സെക്ട്രറിയായി നിയമിതനായി. യുപിഎ സർക്കാരിന്‍റെ കാലത്ത് പാർട്ടിയ്ക്കും സഖ്യകക്ഷികൾക്കുമിടയിൽ ഒരു പാലമായി പ്രവർത്തിച്ച അഹമ്മദ് പട്ടേൽ കോൺഗ്രസിന്‍റെ അനുരഞ്ജന മുഖമായിരുന്നു.

1979, 80, 84 വർഷങ്ങളിൽ ബറുച്ച് മണ്ഡലത്തിൽ നിന്ന് ലോകസഭയിലേയ്ക്കും പിന്നീട് തുടർച്ചയായി രാജ്യസഭയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ട പട്ടേലിനെ നരേന്ദ്ര മോദിയും അമിത് ഷായും ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേയ്ക്ക് വരാതിരിക്കാൻ എല്ലാ വഴിവിട്ട നീക്കങ്ങളും നടത്തിയിട്ടും ചിരിച്ച മുഖവുമായി രാജ്യസഭയിലേയ്ക്കും വിജയിച്ച് കയറുകയായിരുന്നു.

അഹമ്മദ് പട്ടേലിന്‍റെ നിര്യാണത്തിൽ അനുശോചിച്ച രാഹുൽ ഗാന്ധിയുടെ വാക്കുകൾ കടമെടുത്ത് ഈ നേതാവിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ജീവിതം മുഴുവൻ സമർപ്പിച്ച നേതാവായിരുന്നു അഹമ്മദ് ഭായ്. അദ്ദേഹത്തിന്റെ വിശ്വസ്തതയും അർപ്പണബോധവും പ്രതിബദ്ധതയും കോൺഗ്രസിന് എന്നും കരുത്ത് നൽകിയവ ആയിരുന്നു.

പാർട്ടിയുടെ ഒരു നെടുംതൂണായിരുന്ന, കോൺഗ്രസിൽ ജീവിക്കുകയും ശ്വസിക്കുകയും ചെയ്ത അഹമ്മദ് ഭായ് യാത്രയാകുമ്പോൾ കോൺഗ്രസിന് ഇനിയുള്ള നാളുകളിൽ അതൊരു തീരാനഷ്ടം തന്നെയാണ്.