മാത്യു ടി തോമസിനെ മാറ്റണമെന്ന ആവശ്യം; നേതാക്കളെ ദേവഗൗഡ ബംഗ്‌ളൂരുവിലേക്ക് വിളിപ്പിച്ചു

മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട തർക്കം ജനതാദളിന്‍റെ  (എസ്) എം.എൽ.എമാരെ ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവെഗൗഡ ബംഗളുരുവിലേക്ക് വിളിപ്പച്ചു. എന്നാൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് മന്ത്രി മാത്യു ടി തോമസ് വ്യക്തമാക്കി.

എം.എൽ.എമാരായ കെ കൃഷ്ണൻകുട്ടിയും സി.കെ നാണുവും ബംഗളുരുവിലെത്തിയെന്നാണ് വിവരം. മാത്യു ടി തോമസിന് പകരം തന്നെ മന്ത്രിയാക്കണമെന്നാണു കൃഷ്ണൻകുട്ടിയുടെ ആവശ്യം. രണ്ടരവർഷം കഴിയുമ്പോൾ അദ്ദേഹം മന്ത്രിസ്ഥാനത്തുനിന്ന് ഒഴിഞ്ഞ് തനിക്ക് അവസരം നൽകുമെന്ന ധാരണ മന്ത്രിസഭാ രൂപീകരണവേളയിൽ തന്നെ ഉണ്ടായിരുന്നുവെന്നാണ് കൃഷ്ണൻകുട്ടിയുടെ വാദം. അത് മന്ത്രി അംഗീകരിക്കുന്നില്ല. പാർട്ടി സംസ്ഥാന നേതൃയോഗങ്ങൾ ഇക്കാര്യം ചർച്ച ചെയ്തപ്പോൾ കൃഷ്ണൻകുട്ടിക്ക് മുൻതൂക്കം കിട്ടി. അന്തിമതീരുമാനം കേന്ദ്രനേതൃത്വത്തിന് വിട്ടു. ഈ സാഹചര്യത്തിലാണ് ഗൗഡയുടെ ഇടപെടൽ. അതേസമയം മന്ത്രി മാത്യു ടി തോമസ് ദേവഗൗഡയുമായുള്ള ചർച്ചയിൽ പങ്കെടുത്തില്ല.

എന്നാൽ ഏകപക്ഷീയമായി മാത്യു ടി തോമസിനെ മാറ്റിയാൽ പാർട്ടി പിളർപ്പിലേക്ക് നീങ്ങിയേക്കുമെന്നുള്ളതുകൊണ്ടുതന്നെ കടുത്ത തീരുമാനവുമായി ദേശീയ നേതൃത്വം മുന്നോട്ടുവരില്ലെന്നാണ് സൂചന. മൂന്നുപേരെയും വിളിച്ചുചേർക്കാൻ മൂന്നാഴ്ച മുമ്പും ഗൗഡ ശ്രമിച്ചിരുന്നു. പങ്കെടുക്കാൻ തയാറല്ലെന്ന് മാത്യു ടി തോമസ് അന്നും അറിയിച്ചതോടെ ആ ചർച്ച പൊളിഞ്ഞു. തനിക്കും കുടുംബത്തിനുമെതിരെ സമീപകാലത്തുണ്ടായ ചില ആരോപണങ്ങൾ മന്ത്രിസ്ഥാനം ലക്ഷ്യമിട്ടുള്ള നീക്കങ്ങളായിരുന്നെന്ന രോഷത്തിലാണ് അദ്ദേഹം. മന്ത്രിവസതിയിലെ ഒരു മുൻജീവനക്കാരിയെ ഇതിനായി എതിർചേരി ചട്ടുകമാക്കിയെന്ന പരാതി അദ്ദേഹം കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചു. ഇതു സംബന്ധിച്ച കേസ് കോടതിയിലാണ്. തന്നെ അപമാനിച്ചു പുറത്താക്കാൻ ശ്രമിക്കുന്നവരുമായി സന്ധിസംഭാഷണമില്ലെന്ന പ്രതിഷേധം കാരണമാണ് മന്ത്രി യോഗത്തിൽ നിന്നു വിട്ടുനിൽക്കുന്നത്.

എന്നാൽ ദേശീയ അധ്യക്ഷൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചത് തികഞ്ഞ അച്ചടക്കലംഘനമാണെന്നാണ് എതിർചേരിയുടെ വാദം. കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കി നിശ്ചയിച്ചാൽ മാത്യു ടി തോമസ് കലാപത്തിനൊരുങ്ങുമോയെന്ന സന്ദേഹം അവർക്കുണ്ട്.

https://youtu.be/BBTlEuuCCws

Comments (0)
Add Comment