അശാന്തമായി രാജ്യതലസ്ഥാനം ; മരണം അഞ്ചായി ; അക്രമത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യം

ന്യൂഡല്‍ഹി :  പൗരത്വ ഭേദഗതി നിയമ പ്രതിഷേധക്കാര്‍ക്കെതിരെ നടന്ന ആക്രമണങ്ങളില്‍ മരണം അഞ്ചായി. സംഘര്‍ഷത്തില്‍ 105 പേര്‍ക്ക് പരിക്കേറ്റു. എട്ടു പേരുടെ നില ഗുരുതരമായി തുടരുന്നു. സംഘർഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വടക്ക് കിഴക്കൻ ഡല്‍ഹിയിൽ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് മെട്രോ സ്റ്റേഷനുകളും അടച്ചു. അതേസമയം ആക്രമണത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപിൽ മിശ്രയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജാമിയ കോ ഓ‌‌ർഡിനേഷൻ കമ്മിറ്റി പൊലീസിൽ പരാതി നൽകി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ പൗരത്വ നിയമ അനുകൂലികള്‍ ആക്രമിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ അക്രമികള്‍ കല്ലുകളും പെട്രോള്‍ ബോംബുകളും വലിച്ചെറിഞ്ഞു. നിരവധി വാഹനങ്ങള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി. സംഘ‌ർഷത്തിനിടെ മൗജ്പുരിയിൽ വീടുകൾക്കും വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. മൗജ്പൂരില്‍ പൊലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ഡല്‍ഹിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവർ പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും അക്രമിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒമ്പത് വയസുള്ള കുട്ടിക്കും ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ ആക്രമണത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് കപിൽ മിശ്രക്കെതിരെ ജാമിയ കോ ഓ‌‌ർഡിനേഷൻ കമ്മിറ്റി പൊലീസിൽ പരാതി നൽകി. മിശ്രയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി. അതേ സമയം അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പൊലീസിന് നേരെ വെടിയുതിര്‍ത്തെന്ന് ആരോപിച്ച് മുഹമ്മദ് ഷാരൂഖ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

https://twitter.com/indiantweeter/status/1231806814179577856

Delhi Violence
Comments (0)
Add Comment