ഡല്‍ഹി അശാന്തം ; സംഘർഷങ്ങളില്‍ മരണം 14 ആയി

ന്യൂഡല്‍ഹി : വടക്കുകിഴക്കൻ ഡൽഹിയിൽ വർഗീത സംഘർഷങ്ങൾ തുടരുന്നു. സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം പതിനാലായി. മേഖലയിൽ സ്കൂളുകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. ഗസിയാബാദ് ഉൾപ്പെടെ വടക്കുകിഴക്കൻ ഡൽഹിയിൽ ഒരുമാസത്തേക്ക് നിരോധനാജ്ഞ ഏർപ്പെടുത്തി. സംഘർഷങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 200 കടന്നു. ഡൽഹി – ഉത്തർ പ്രദേശ് ബോർഡറിൽ അതീവ സുരക്ഷ.

വടക്ക് കിഴക്കൻ ഡൽഹിയിൽ സംഘർഷങ്ങൾ ആരംഭിച്ച് 3 ദിവസം പിന്നിട്ടിട്ടും സമാധാനം പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. വീടുകൾക്ക് നേരെ അക്രമങ്ങൾ തുടരുകയാണ്. കേന്ദ്ര സേനയെ ഉൾപ്പെടെ വിന്യസിച്ച് അതീവ സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അക്രമങ്ങളിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 14 ആയി. ഇരുനൂറിലേറെ ആളുകൾക്കാണ് നിലവിൽ പരിക്കേറ്റിരിക്കുന്നത്. പലരുടെയും നില അതീവ ഗുരുതരം ആണ്. മേഖലയിലെ സ്കൂളുകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഉത്തർ പ്രദേശ്, ഡൽഹി അതിര്‍ത്തിയില്‍ കൂടുതൽ സുരക്ഷ ഒരുക്കി. വാഹന പരിശോധന കർശനമാക്കി. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജാഫ്രാബാദിൽ നടന്നിരുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ വേദി പോലീസ് ഒഴിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ സ്ഥിതി ഗതികൾ വിലയിരുത്തി. അമിത് ഷാ വിളിച്ച യോഗത്തില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ലെഫ്റ്റനന്‍റ്‌ ഗവര്‍ണര്‍ അനില്‍ ബൈജാൽ അടക്കമുളളവര്‍ പങ്കെടുത്തു. നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്ന് കെജ്‌രിവാൾ അറിയിച്ചു. ഇന്നലെ നടന്ന അക്രമങ്ങളിൽ മാധ്യമ പ്രവർത്തകർക്ക് ഉൾപ്പെടെ പരിക്കേറ്റിരുന്നു. ഇന്നും പോലീസിന്‍റെ നേതൃത്വത്തിൽ പതാക ജാഥകൾ ഉണ്ടാകും. മേഖലയിൽ നിരോധനാജ്ഞ തുടരുകയാണ്.

Delhi Violence
Comments (0)
Add Comment