ഡൽഹി യൂണിവേഴ്സിറ്റി ഇലക്ഷനിൽ എൻഎസ്‌യുഐ പ്രകടനപത്രിക പ്രകാശനം ചെയ്തു

 

ന്യൂഡല്‍ഹി: ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ സമഗ്രവികസനവും, പെൺകുട്ടികൾക്കായുള്ള ക്ഷേമപദ്ധതികളും ഉൾപ്പെടുത്തിയ എൻഎസ്‌യുഐ പ്രകടന പത്രിക ദേശീയ പ്രസിഡന്‍റ് വരുൺ ചൗധരി പ്രകാശനം ചെയ്തു.

വിദ്യാഭ്യാസ മേഖലയിലെ കച്ചവടവത്കരണവും ഫീസ് വർദ്ധനവുകളും ഒഴിവാക്കി സാമ്പത്തികമായി എല്ലാ വിദ്യാർത്ഥികൾക്കും ഉൾക്കൊള്ളാനാകുന്ന വിദ്യാദ്യാസം ഉറപ്പാക്കും, വെറുപ്പിന്‍റെയും, വേർതിരിവുകളുടെയും പ്രത്യയശാസ്ത്രങ്ങളിൽ നിന്ന് ക്യാമ്പസുകളെ സംരക്ഷിക്കും, പെൺകുട്ടികൾക്ക് സെമസ്റ്ററിൽ 12 ദിവസം ആർത്തവ അവധി അനുവദിക്കും, ചോദ്യപേപ്പർ ചോർച്ച പ്രതിരോധിക്കും, ജെന്‍റർ ബോധവത്കരണവും മാനസികാരോഗ്യ വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കും, എസ്‌സി- എസ്ടി, ഒബിസി സ്കോളർഷിപ്പുകൾ ലഭ്യമാക്കും.

അതിനുപുറമേ മെട്രോ സ്റ്റേഷനുകളിലേക്ക് ബസ് സൗകര്യം ഏർപ്പെടുത്തും, ഹോസ്റ്റൽ അലോട്ട്മെന്‍റുകളിൽ ഒബിസി റിസർവ്വേഷൻ ഏർപ്പെടുത്തും, സംഘർഷ രഹിത ക്യാമ്പസിനായി ഗ്രിവൻസ് റെഡ്റെസൽ സെൽ രൂപീകരിക്കും, ഫ്രീ മെട്രോ പാസ് ലഭ്യമാക്കും, എല്ലാ ക്യാമ്പസിലും 24 മണിക്കൂറും ലൈബ്രറി സൗകര്യം ഏർപ്പെടുത്തും, ക്യാമ്പസുകളിൽ റെയിൽവേ റിസർവ്വേഷൻ കൗണ്ടറുകൾ ഏർപ്പെടുത്തും, ജോലി ലഭ്യമാക്കാൻ സെൻട്രൽ പ്ലേസ്മെന്‍റ് സെൽ രൂപീകരിക്കും, ഫ്രീ വൈ ഫൈ ലഭ്യമാക്കും, 24 മണിക്കൂറും പ്രവർത്തിക്കുന്ന മെസ് സൗകര്യം ഏർപ്പെടുത്തും, ഡൽഹി യൂണിവേഴ്‌സിറ്റി ഫണ്ട് വിനിയോഗത്തിൽ സുതാര്യത ഉറപ്പു വരുത്തും, ദേശീയ യൂത്ത് & സ്പോർട്സ് ഫെസ്റ്റുവൽ സംഘടിപ്പിക്കും തുടങ്ങി 18 വാഗ്ദാനങ്ങൾക്ക് പുറമെ 5 ഇന വാഗ്ദാനങ്ങൾ പെൺകുട്ടികളുടെ ക്ഷേമത്തിനായും ഉറപ്പുവരുത്തുന്നുണ്ട്. ഇതിനായി പ്രത്യേക പ്രകടന പത്രികയും പുറത്തിറക്കി.

സെമസ്റ്ററിൽ 12 ദിവസം അവധി ഉറപ്പുവരുത്തുന്ന മെൻസ്ട്രുവൽ ലീവ് പോളിസി, വിവിധ പ്രശ്നങ്ങളിൽ നിയമ പരിരക്ഷ ഉറപ്പുവരുത്തുന്ന സീറോ ടോളറൻസ് പോളിസി, പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് ഇന്‍റർനാഷണൽ കംപ്ലയ്ന്‍റ്സ് കമ്മിറ്റി രൂപീകരിക്കും, ഇതുവഴി വർക്ക്ഷോപ്പുകൾ, സെൽഫ് ഡിഫൻസ് പരിപാടികൾ എന്നിവ സംഘടിപ്പിക്കും, ക്യാമ്പസുകളിൽ സ്ത്രീകൾക്കായുള്ള അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തും തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രകാശന ചടങ്ങിൽ എൻഎസ് യുഐ ദേശീയ പ്രസിഡന്‍റ് വരുൺ ചൗധരി, ഡൽഹി യൂണിവേഴ്സിറ്റി യൂണിയൻ പ്രസിഡന്‍റ് സ്ഥാനാർത്ഥി രോണക് കത്രി, വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി യാഷ് നന്ദാൽ, സെക്രട്ടറി സ്ഥാനാർത്ഥി നമ്രത ജെഫ് മീന, ജോ. സെക്രട്ടറി സ്ഥാനാർത്ഥി ലോകേഷ് ചൗധരി ,എൻഎസ് യുഐ ദേശീയ ജന:സെക്രട്ടറി അനുലേഖ ബൂസ, ദേശീയ മീഡിയാ ചെയർമാൻ രവി പാണ്ടെ തുടങ്ങിയവർ പങ്കെടുത്തു.

Comments (0)
Add Comment