ഡല്‍ഹിയെ മലിനമാക്കുന്നത് പാകിസ്ഥാനിലെ കാറ്റാണെന്ന ഉത്തര്‍പ്രദേശിന്‍റെ വാദത്തിന് അടിസ്ഥാനമില്ല; ഹൈബി ഈഡന്‍ എംപിയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രിയുടെ മറുപടി

 

ന്യൂഡല്‍ഹി: പാകിസ്ഥാനിൽ നിന്നുള്ള മലിനമായ വായു ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരത്തെ ബാധിക്കുന്നതായി പറയുന്ന ഒരു പഠനവും നടത്തിയിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ് സഹമന്ത്രി അശ്വിനി കുമാർ ചൗബെ ലോക്സഭയെ അറിയിച്ചു. ഡൽഹിയിലെ വായു മലിനീകരണം സംബന്ധിച്ച ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഡൽഹിയിലെ വായു മലിനീകരണം നേരിടാൻ കേന്ദ്ര ബജറ്റിന് കീഴിലുള്ള ഫണ്ട് അനുവദിച്ചിരുന്നതിന്‍റെ വിവരങ്ങളും മറുപടിയിൽ ചേർത്തിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷത്തിൽ 30 കോടി രൂപ, 2020-21 സാമ്പത്തിക വർഷത്തിൽ 5 കോടി രൂപ, 2021-22 സാമ്പത്തിക വർഷത്തിൽ 53.49 കോടി രൂപ എന്നിങ്ങനെയാണ് തുകകൾ അനുവദിച്ചിരുന്നത്.

ഡല്‍ഹിയിലെ വായുമലിനീകരണത്തിന് പ്രധാന കാരണം പാകിസ്ഥാന്‍ ആണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. പാകിസ്ഥാനില്‍ നിന്ന് മലിനമായ വായു കൂടുതലായി എത്തുന്നതാണ് ഡല്‍ഹിയിലെ വായു മലിനീകരണത്തിന് കാരണമെന്നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാറിന്‍റെ വാദം. വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയായിരുന്നു ഇങ്ങനെ അറിയിച്ചിരുന്നത്. ഉത്തര്‍പ്രദേശിലെ കാറ്റ് ഡല്‍ഹിയിലേക്കല്ല, താഴോട്ടാണ് വീശുന്നതെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

Comments (0)
Add Comment