ഡല്‍ഹി പോലീസ് നീക്കം രാഹുല്‍ ഗാന്ധിക്കെതിരായ പ്രതികാര നടപടി; ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്

Jaihind Webdesk
Sunday, March 19, 2023

 

ന്യൂഡൽഹി: ഡല്‍ഹി പോലീസ് നീക്കം കേന്ദ്ര സർക്കാരിന്‍റെ പ്രതികാര നടപടിയുടെ ഭാഗമെന്ന് കോണ്‍ഗ്രസ്. പാർലമെന്‍റിലെ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളില്‍ കേന്ദ്ര സർക്കാരിന്‍റെ പ്രതികാരത്തിന്‍റെ ഭാഗമാണ് പോലീസ് നടപടിയെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. ഭയപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നത്. 10 ദിവസത്തിനുള്ളിൽ മറുപടി നൽകാം എന്ന് രാഹുൽ ഗാന്ധി അറിയിച്ചതാണ്. ഇതിനിടയിൽ വീണ്ടും പോലീസ് വന്നത് വിവാദം സൃഷ്ട്ടിക്കാനാണെന്നും മനു അഭിഷേഖ് സിംഗ്‌വി പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ നീക്കം ഫാസിസ്റ്റ് നടപടിയെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ടും പ്രതികരിച്ചു.

ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ച ഇരകളുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയത്. ‘സ്ത്രീകൾ ഇപ്പോഴും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു’ എന്നായിരുന്നു ഇക്കഴിഞ്ഞ ജനുവരി 30ന് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കവേ ശ്രീനഗറിൽവെച്ച് രാഹുൽ പറഞ്ഞത്. ഇതിലെ വിശദാംശങ്ങള്‍ തേടിയാണ് എത്തിയതെന്നാണ് പോലീസിന്‍റെ വിശദീകരണം. കഴിഞ്ഞ രണ്ടുദിവസത്തിനിടെ മൂന്ന് തവണയാണ് പോലീസ് എത്തിയത്.

മാർച്ച് 15ന് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകാൻ എത്തിയ പോലീസ് സംഘത്തിന് രാഹുലിനെ കാണാൻ കഴിയാതെ മടങ്ങേണ്ടി വന്നു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മാർച്ച് 16ന് വീട്ടിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയത്. പോലീസ് അയച്ച നോട്ടീസിന് നിയമസാധുതയില്ലെന്ന് കോൺഗ്രസ് നേരത്തെ പ്രതികരിച്ചിരുന്നു. രാഹുൽ ഗാന്ധിക്ക് എതിരെയുള്ള പോലീസ് നടപടിയിൽ പ്രവർത്തകരും നേതാക്കളും പ്രതിഷേധം രേഖപ്പെടുത്തി. ഇതിനിടെ രാഹുൽ ഗാന്ധിയുടെ വസതിയിലെത്തിയ കോൺഗ്രസ് വക്താവ് പവൻ ഖേരയെ പോലീസ് തടഞ്ഞിരുന്നു. കേന്ദ്ര സർക്കാർ‌ ഭയപ്പെടുത്താൻ നോക്കുന്നുവെന്ന് പവൻ ഖേര പ്രതികരിച്ചു.