കേരളത്തിലേക്കുള്ള പ്രത്യേക ശ്രമിക് തീവണ്ടിയിൽ യാത്ര പുറപ്പെടുന്ന അർഹരായ വിദ്യാർത്ഥികൾക്ക് ടിക്കറ്റ് തുക ഡൽഹി പിസിസി നൽകും

Jaihind News Bureau
Wednesday, May 20, 2020

മലയാളി വിദ്യാർത്ഥികൾക്കായി ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ശ്രമിക് തീവണ്ടിയിൽ യാത്ര പുറപ്പെടുന്ന അർഹരായ വിദ്യാർത്ഥികൾക്ക് ടിക്കറ്റ് തുക ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി നൽകുമെന്ന് ഡൽഹി പിസിസി അധ്യക്ഷൻ അനിൽ കുമാർ ചൗധരി അറിയിച്ചു. കുടുങ്ങിപ്പോയ വിദ്യാർത്ഥികൾക്ക് സൗജന്യമായി യാത്ര ഉറപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ, കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരം വിദ്യാർത്ഥികളുടെ യാത്രാ ചെലവ് ഡൽഹി പിസിസി വഹിക്കുമെന്ന് അധ്യക്ഷൻ അനിൽ ചൗധരി പ്രഖ്യാപിച്ചിരുന്നു. ടിക്കറ്റിന്‍റെ കോപ്പിയും, വിദ്യാർത്ഥിയാണെന്നു തെളിയിക്കുന്ന തിരിച്ചറിയൽ രേഖയും, നോർക്ക രജിസ്‌ട്രേഷൻ നമ്പറും, അക്കൗണ്ട് നമ്പറും, അയച്ചു കൊടുത്താൽ അർഹരായ വിദ്യാർത്ഥികൾക്ക് ടിക്കറ്റിന്‍റെ തുക അക്കൗണ്ടിലേക്കു ഇട്ടു നൽകും.

ട്രെയിന്‍ സര്‍വീസ് ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച മുതൽ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് കാൽനടയായി യാത്ര ആരംഭിക്കുമെന്ന് വിദ്യാർത്ഥികൾ ഉള്‍പ്പെടെ അറിയിച്ചിരുന്നു. ലോക്ക് ഡൗണ്‍ മൂലം ഡല്‍ഹിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കുന്നതിനായി വെള്ളിയാഴ്ച യാത്ര പുറപ്പെടുമെന്ന് അറിയിച്ചിരുന്ന ഡല്‍ഹി – തിരുവനന്തപുരം ശ്രമിക് ട്രെയിനിന്‍റെ യാത്ര നീണ്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.