ഡൽഹി കലാപത്തിൽ തിരിച്ചറിയാത്ത മൃതദേഹങ്ങൾ ബുധനാഴ്ച്ച വരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി; ഡിഎൻഎ സാമ്പിൾ ശേഖരിക്കണം; പോസ്റ്റ്‌മോർട്ടം നടപടി ചിത്രീകരിക്കാനും നിർദ്ദേശം

Jaihind News Bureau
Friday, March 6, 2020

ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ മൃതദേഹം സംസ്‍കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. തിരിച്ചറിയാത്ത മൃതദേഹങ്ങൾ മാര്‍ച്ച് 11 വരെ സംസ്‍കരിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പോസ്റ്റുമോര്‍ട്ടത്തിന്‍റെ വീഡിയോ ചിത്രീകരിക്കണമെന്നും ഡിഎന്‍എ സാമ്പിളുകള്‍ സൂക്ഷിച്ചുവെക്കണമെന്നും ഡല്‍ഹി ഹൈക്കോടതി ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഡല്‍ഹി കലാപത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഡല്‍ഹി പൊലീസിന് ഇന്നലെ ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കലാപത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‍കരിക്കുന്നത് ഹൈക്കോടതി തടഞ്ഞത്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ മാര്‍ച്ച് 11 വരെ സംസ്‍കരിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശം നൽകി. കൂടാതെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ പോസ്റ്റ് മോർട്ട നടപടികളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കാനും അത് സൂക്ഷിക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങളെ സംബന്ധിച്ച പൂർണവിവരങ്ങൾ ഡൽഹി പോലീസിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു. ചാന്ദ് ബാഗിൽ മാത്രം 40 പേരുൾപ്പെടെ 130 ഓളം പേരെ കാണാതായതായി പരാതി ലഭിച്ചിട്ടുണ്ട്.

അതേസമയം കപില്‍ മിശ്രയടക്കമുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തില്‍ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ നൽകിയ മുഴുവന്‍ ഹര്‍ജികളും ദില്ലി ഹൈക്കോടതി ഒന്നിച്ച് പരിഗണിക്കും. ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിനും, ദില്ലി പൊലീസിനും മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച കോടതി കേസ് പരിഗണിക്കുന്നത് 12 ലേക്ക് മാറ്റി.