ചികിത്സ തേടാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രശേഖർ ആസാദ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും

Jaihind News Bureau
Wednesday, January 8, 2020

ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സ തേടാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് നൽകിയ ഹർജി തീസ് ഹസാരി കോടതി ഇന്ന് പരിഗണിക്കും. രക്തം കട്ടപിടിക്കുന്ന പോളിസൈത്തീമിയ രോഗമുണ്ട്. എയിംസിൽ ചികിത്സ തേടി വരികയാണ്. ഇടവേളകളിൽ തുടർച്ചയായി രക്തം മാറ്റണം എന്നിരിക്കെ ജയിൽ അധികൃതർ ഇത് നിഷേധിക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടി ആണ് ആസാദ് ഹർജി നൽകിയത്.

ആസാദിന്‍റെ മെഡിക്കൽ റിപ്പോർട്ട് കോടതി അവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചു കൊണ്ട് ആകും തീരുമാനം എടുക്കുക. ദില്ലി ദരിയാ ഗഞ്ചിൽ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഉണ്ടായ പ്രതിഷേധത്തിൽ സംഘർഷം ഉണ്ടായതുമായി ബന്ധപ്പെട്ടാണ് ആസാദിനെ പോലീസ് അറസ്റ്റ് ചെയ്ത്.