ഡല്‍ഹി സിവില്‍ സര്‍വീസ് അക്കാദമിയില്‍ വെള്ളം കയറി; മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു, 2 പേര്‍ കസ്റ്റഡിയിൽ

 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്‍റെ ബേസ്‌മെന്‍റില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. സംഭവത്തില്‍ സിവില്‍ സര്‍വീസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് പേരാണ്  പോലീസ് കസ്റ്റഡിയിലുള്ളത്.

അതേസമയം ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തില്‍ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. റാവു സിവില്‍ സര്‍വീസ് അക്കാദമിയുടെ ലൈബ്രറി ആണ് ബേസ്മെന്‍റില്‍ പ്രവര്‍ത്തിച്ചിരുന്നത്. മുപ്പത് വിദ്യാര്‍ത്ഥികളായിരുന്നു സംഭവ സമയത്ത് ഇവിടെ ഉണ്ടായിരുന്നതെന്നും ഇതില്‍ മൂന്ന് പേര്‍ വെള്ളക്കെട്ടില്‍ കുടുങ്ങുകയായിരുന്നെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് അറിയിച്ചു.  സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മജിസ്റ്റീരില്‍ അന്വേഷണം പ്രഖ്യാപിച്ചു.

Comments (0)
Add Comment