23-ാം ദിവസവും തുടരുന്ന പ്രതിഷേധം ; ദേശീയപാതകള്‍ ഉപരോധിച്ച് കർഷകർ ; സമരം കടുപ്പിക്കാന്‍ തീരുമാനം

Jaihind News Bureau
Friday, December 18, 2020

 

ന്യൂഡല്‍ഹി : കേന്ദ്രസർക്കാരിന്‍റെ കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷക പ്രതിഷേധം 23 ആം ദിവസവും  ഡൽഹി അതിർത്തികളിൽ തുടരുന്നു. കർഷകരുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധവും തുടരുകയാണ്. സമരം ശക്തമാക്കുന്നത് സംബന്ധിച്ചും സുപ്രീംകോടതി നിരീക്ഷണങ്ങൾ വിലയിരുത്താനും കർഷകർ ഇന്ന് യോഗം ചേരും.

അഭിഭാഷകരുമായും കർഷക സംഘടന നേതാക്കൾ കൂടിക്കാഴ്ച നടത്തും. അതേസമയം കർഷക പ്രതിഷേധം മറികടക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ തുടരുന്നു. പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശിലെ കർഷകരുമായി ആശയ വിനിമയം നടത്തും. ഉച്ചക്ക്  രണ്ട് മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരിപാടി.

അതേസമയം കർഷക പ്രതിഷേധം എപ്പോൾ അവസാനിക്കും എന്ന ചോദ്യവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. പ്രതിഷേധങ്ങൾക്കിടയില്‍ ഡൽഹി അതിർത്തികളിൽ മരിച്ച കർഷകരുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. 22 ൽ അധികം കർഷകർക്കാണ് കഴിഞ്ഞ 4 ആഴ്ചക്ക് ഇടയിൽ ഡൽഹി അതിർത്തിയിൽ ജീവൻ നഷ്ടമായത്.