ഡല്‍ഹി ചലോ മാര്‍ച്ച് മൂന്നാം ദിവസത്തിലേക്ക് ; കർഷകർ നിരങ്കാരി മൈതാനിയില്‍

Jaihind News Bureau
Saturday, November 28, 2020

 

ന്യൂഡല്‍ഹി : മോദി സർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കര്‍ഷക സംഘടനകളുടെ ഡല്‍ഹി ചലോ മാര്‍ച്ച് മൂന്നാം ദിവസത്തിലേക്ക്. ബുറാഡി നിരങ്കാരി മൈതാനിയില്‍ സമരക്കാർക്ക് സമ്മേളിക്കാന്‍ പൊലീസ് അനുമതി നല്‍കിയിരുന്നു. ആയിരകണക്കിന് കര്‍ഷകര്‍ പുലര്‍ച്ചയോടെ മൈതാനത്തെത്തി. അതേസമയം ഹരിയാനയോട് ചേര്‍ന്നുകിടക്കുന്ന സിംഗു അതിര്‍ത്തി തുറക്കാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല.

അര്‍ധരാത്രിയോടെ കര്‍ഷക നേതാക്കള്‍ ഉള്‍പ്പെടെ ബുറാഡി നിരങ്കാരി സംഗമം മൈതാനിയിലെത്തി. ഡല്‍ഹി പൊലീസ് അയഞ്ഞതോടെ ഹരിയാന- പഞ്ചാബ് അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ആരെയും തടയില്ലെന്ന് അംബാല പൊലീസ് അറിയിച്ചു. അംബാല ശംഭു അതിര്‍ത്തിയിലെ ബാരിക്കേഡുകള്‍ നീക്കി. അതേസമയം ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലെ സിംഗുവില്‍ വന്‍ പൊലീസ് സന്നാഹം തുടരുകയാണ്. രാംലീല മൈതാനത്തില്‍ പ്രതിഷേധം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൂറ് കണക്കിന് കര്‍ഷകര്‍ ഇവിടെ തുടരുകയാണ്.