അരലക്ഷത്തിലധികം കർഷകർ ഡല്‍ഹിയിലേക്ക് ; ദേശീയ പാതകള്‍ ഉപരോധിക്കും ; പ്രതിഷേധം കടുപ്പിക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്‍റെ  വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകര്‍. 17 ദിവസമായി ഡല്‍ഹി അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് ഡല്‍ഹി-ജയ്പൂര്‍ റോഡ് ഇന്ന് കര്‍ഷക സംഘടനകള്‍ ഉപരോധിക്കും. ടോൾ ബൂത്തുകൾ ഇന്ന് കർഷകരുടെ നേതൃത്വത്തില്‍ ജനങ്ങൾക്കായി തുറന്നു കൊടുക്കും. അരലക്ഷം കർഷകർ അതിർത്തിയിലേക്ക് എത്തുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഒരിഞ്ചു പോലും പിന്നോട്ടില്ലെന്നാണ് കർഷക സംഘടനകളുടെ തീരുമാനം.

തിങ്കളാഴ്ച ബിജെപി ഓഫീസുകളും ടോള്‍ പ്ലാസകളും ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും. ഡല്‍ഹി ജയ്പൂര്‍ ഹൈവേയിലൂടെ കര്‍ഷകര്‍ മര്‍ച്ച് നടത്തി ഡല്‍ഹിയിലേക്ക് എത്താന്‍ ഇടയുള്ളതിനാല്‍ ഗുരുഗ്രാമില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. കര്‍ഷകരാണ് അനുനയ ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയതെന്ന കൃഷി മന്ത്രിയുടെ ആരോപണം അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി തള്ളി.

Comments (0)
Add Comment