ഡല്‍ഹി ചലോ: കേന്ദ്രത്തിനെതിരെ അലയടിച്ച് പ്രതിഷേധം ; അതിർത്തിയിൽ മോദിയുടെ കോലം കത്തിച്ച് കർഷകർ

Jaihind News Bureau
Saturday, November 28, 2020

 

ന്യൂഡല്‍ഹി:  കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രതിഷേധം തുടരുന്നു. ഡല്‍ഹി അതിര്‍ത്തിയിലും ബുറാഡിയിലുമായാണ് പ്രതിഷേധം തുടരുന്നത്. ഡൽഹി അതിർത്തിയിൽ പ്രതിഷേധക്കാർ നരേന്ദ്രമോദിയുടെ കോലം കത്തിച്ചു.

കര്‍ഷകരെ രാജ്യതലസ്ഥാനത്ത് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. സമരത്തിന് നേതൃത്വം നല്‍കിയ നിരവധി നേതാക്കളെ അറസ്റ്റ് ചെയ്തെങ്കിലും കര്‍ഷകര്‍ സമരവുമായി മുന്നോട്ടു പോവുകയായിരുന്നു. കോണ്‍ക്രീറ്റ് ബാരിക്കേഡുകളും വേലിക്കെട്ടുകളും ട്രക്കും കണ്ടെയ്നറുകളുമായി പൊലീസ് പ്രതിഷേധക്കാരെ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ പലയിടങ്ങളിലും കര്‍ഷകര്‍ ഇവ തള്ളിമാറ്റി കൊണ്ട് മുന്നോട്ടു നീങ്ങുകയായിരുന്നു.

ഡല്‍ഹി ബഹാദുര്‍ഗ് അതിര്‍ത്തിയില്‍ കര്‍ഷകരെ തടയാനായി ബാരിക്കേഡ് പോലെ സ്ഥാപിച്ച ട്രക്ക് ട്രാക്ടറിനോട് ബന്ധിപ്പിച്ച്, പ്രതിഷേധക്കാര്‍ വലിച്ചുനീക്കി മാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ക്രെയ്ന്‍ ഉപയോഗിച്ച് സ്ഥാപിച്ച കണ്ടെയ്‌നറുകളും കര്‍ഷകര്‍ നീക്കം ചെയ്തു. നൂറു കണക്കിന് പ്രതിഷേധക്കാര്‍ അണിനിരന്നായിരുന്നു കണ്ടെയ്‌നറുകള്‍ ഓരോന്നായി തള്ളി മാറ്റിയത്.

അതേസമയം തന്നെ പലയിടങ്ങളിലും കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എന്തുതന്നെ സംഭവിച്ചാലും സമരത്തില്‍ നിന്നും ഒരിഞ്ച് പോലും പിറകോട്ടില്ലെന്നും കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായിട്ടല്ലാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നുമായിരുന്നു കര്‍ഷകരുടെ മറുപടി.