ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ. എക്സിറ്റ് പോൾ ഫലങ്ങൾ ആം ആദ്മിക്ക് മുൻഗണന നൽകുന്നുണ്ടെങ്കിൽ പോലും പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ. എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായതോടെ ആം ആദ്മി സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കി.
രാജ്യ തലസ്ഥാനം ആര് ഭരിക്കുമെന്ന് നാളെ അറിയാം. രാവിലെ 8 മണി മുതലാണ് വോട്ടെണ്ണല്‍. 21 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുക. 70 സീറ്റുകളാണ് ആകെയുള്ളത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. മിനിറ്റുകള്‍ക്കകം ആദ്യ ഫലസൂചനകള്‍ ലഭ്യമാകും. ഡല്‍ഹിയുടെ ഭരണചക്രം ഒരിക്കല്‍ക്കൂടി ആം ആദ്മി പാർട്ടി തിരിക്കും എന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. അഭിപ്രായ സർവേയും സമാനമായ റിപ്പോർട്ടാണ് നല്‍കിയത്.
എന്നാല്‍ എക്സിറ്റ് പോളുകള്‍ക്ക് അപ്പുറമാണ് യാഥാര്‍ത്ഥ്യമെന്ന സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നത്. ഡല്‍ഹിയുടെ ഭരണചക്രം തിരിക്കുന്നതില്‍ നിർണായക ശക്തിയാകാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ക്യാമ്പ് വിശ്വസിക്കുന്നത്. അതേസമയം ബി.ജെ.പി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇപ്പോഴും ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്. വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് കാവല്‍ നില്‍ക്കാന്‍ രാഷ്ട്രീയ പാർട്ടികള്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു. .
അന്തിമ പോളിംഗ് ശതമാനം പുറത്തുവിടുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാലതാമസം വരുത്തിയതില്‍ രാഷ്ട്രീയ പാർട്ടികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പോളിംഗ് അവസാനിച്ചതിന് തൊട്ടുപിന്നാലെ ലോക്സഭാ പോളിംഗ് ശതമാനം പുറത്തുവിട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ താരതമ്യേന ചെറിയ ഒരു സംസ്ഥാനത്തെ പോളിംഗ് ശതമാനം പുറത്തുവിടാന്‍ വൈകിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയർന്നിരുന്നു. 62.59 ശതമാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമമായി പുറത്തുവിട്ട പോളിംഗ് ശതമാനം.