ഇടുക്കിയില്‍ വീണ്ടും വനംകൊള്ള: ലക്ഷക്കണക്കിന് രൂപയുടെ തേക്ക് മരങ്ങള്‍ കടത്തി; ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയെന്ന് പരാതി

 

ഇടുക്കിയില്‍ വീണ്ടും വനംകൊള്ള. റിസര്‍വ് വനത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വിലവരുന്ന തേക്ക് തടികള്‍ വെട്ടിക്കടത്തി. നേര്യമംഗലം റേഞ്ച് ഓഫീസിന്‍റെ കീഴില്‍ കരിമണല്‍ നഗരംപാറ ഡെപ്യൂട്ടി റേഞ്ച് ഓഫീസ് പരിധിയില്‍ ഓഡിറ്റ് വണ്‍ ഭാഗത്തു നിന്നാണ് തേക്ക് തടികള്‍ വെട്ടികടത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് വനം കൊള്ളയെന്ന് പരിസ്ഥിതി സംഘടനകള്‍ ആരോപിച്ചു.

നഗരംപാറ ഡെപ്യൂട്ടി റേഞ്ചിന്‍റെ ഓഫീസിന്‍റെ പരിധിയില്‍ വരുന്ന ഓഡിറ്റ് വണ്‍ ഭാഗം റിസര്‍വ് വനത്തില്‍ പെടുന്ന പ്രദേശമാണ്. ആനകള്‍ക്ക് പുറമെ മ്ലാവ്, കൂരമാന്‍, കാട്ടുപന്നി, കേഴയാട്, പെരുമ്പാമ്പ്, രാജവെമ്പാല അടക്കമുളള വിവിധയിനം ഉരഗവര്‍ഗങ്ങളുടെ ആവാസവ്യവസ്ഥ കൂടിയാണിവിടം. പെരിയാറിന്‍റെ തീരത്തുള്ള ഓഡിറ്റ് വണ്‍ ഭാഗം പനംകുട്ടി ഡെപ്യൂട്ടി റേഞ്ചിന്‍റെയും നഗരംപാറ ഡെപ്യൂട്ടി റേഞ്ചിന്‍റെയും പരിധിയിലാണ്. എറണാകുളം-കുമളി പാതയുടെ താഴ്വാരത്തുള്ള പ്രദേശം പ്രധാന റോഡില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉള്ളിലായാണ്. പകല്‍ പോലും ആരും പോകാന്‍ ഭയക്കുന്ന നിബിഡ വനമായ പ്രദേശത്ത് ടണല്‍ മുഖത്തിന്‍റെ അടുത്തായി നിന്നിരുന്ന മൂന്നു തേക്ക് മരങ്ങളാണ് മുറിച്ചു കടത്തിയത്. അധികം ദൃശ്യമല്ലാത്തയിടത്തായിരുന്നു മരങ്ങള്‍ നിന്നിരുന്നത്. ഈ സാഹചര്യത്തില്‍ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ അറിയാതെ മരങ്ങള്‍ വെട്ടിക്കടത്താന്‍ ആകില്ലെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീന്‍ കെയര്‍ കേരള ജില്ലാ ജനറല്‍ സെക്രട്ടറി കെ. ബുള്‍ബേന്ദ്രന്‍ ആരോപിച്ചു.

ഇവിടെ നിന്ന് മരം വെട്ടിയാല്‍ പുറം ലോകം അറിയില്ലെന്നത് വനം കൊള്ളക്കാര്‍ക്ക് സൗകര്യമാണ്. റോഡില്‍ നിന്നും ഓഡിറ്റ് വണ്‍ ഭാഗത്തേക്ക് പോകാന്‍ വൈദ്യുതി വകുപ്പിന്‍റെ ടണല്‍ മുഖത്തേക്ക് പോകുന്ന റോഡാണുള്ളത്. മുറിച്ചിടുന്ന മരം കയറ്റാനുള്ള വാഹനം ഈ പ്രദേശത്ത് എത്തുകയും ആരുമറിയാതെ കൊള്ള നടത്തുകയുമാണ് പതിവ്. കൊള്ളയ്ക്കുള്ള സഹായം ജീവനക്കാരില്‍ നിന്ന് ലഭിക്കുന്നതായും പരിസ്ഥിതി സംഘടകള്‍ ആരോപിക്കുന്നു. പനംക്കുട്ടി ചെക്ക്‌പോസ്റ്റ് വഴിയാണ് തടികള്‍ കടത്തിക്കൊണ്ടു പോയതെന്ന സംശയവും ഇവര്‍ ഉന്നയിക്കുന്നു.

നേരത്തെ കൂമ്പന്‍പാറ റേഞ്ച് ഓഫീസിന്‍റെ കീഴില്‍ ആയിരുന്നു പനംകുട്ടി ചെക്ക്‌പോസ്റ്റ്. തലക്കോഡ് ചെക്ക്‌പോസ്റ്റും പനംക്കുട്ടി ചെക്ക്‌പോസ്റ്റും നഗരംപാറ ഡെപ്യൂട്ടി റേഞ്ചിന്‍റെ കീഴിലാണ്. ഇവിടുത്തെ ജീവനക്കാര്‍ അറിയാതെ മരം കടത്താന്‍ കഴിയില്ലെന്നാണ് ഉയരുന്ന ആരോപണം. വനം വകുപ്പിന്‍റെ റിസര്‍വ് ഭൂമിയില്‍ നിന്നും ഇത്രയധികം മരങ്ങള്‍ കടത്തിയിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. വെണ്‍മണിയില്‍ നിന്ന് ഈട്ടിത്തടികള്‍ കടത്തിയ സംഭവത്തിലും ദുരൂഹത തുടരുകയാണ്.

Comments (0)
Add Comment