വെഞ്ഞാറമൂട് കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചനയിലേക്ക് വിരൽ ചൂണ്ടി പ്രതികളുടെ സി.പി.എം ബന്ധം; പൊലീസ് കസ്റ്റഡിയിൽ എടുത്ത ആറിൽ 3 പേർ അറിയപ്പെടുന്ന സി.പി.എം പ്രവർത്തകർ

Jaihind News Bureau
Tuesday, September 1, 2020

വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറു പേരില്‍ മൂന്ന് പേര്‍ അറിയപ്പെടുന്ന സി.പി.എം പ്രവര്‍ത്തകരാണ്. കൊല്ലപ്പെട്ട മിഥിലാജ് ആകട്ടെ ഏറെ നാളായി സി.പി.എമ്മിന്‍റെ കണ്ണിലെ കരടും. ഡി.വൈ.എഫ്.ഐ ഏരിയ ജോയിന്‍റ് സെക്രട്ടറിയും വെഞ്ഞാറമൂട്ടിലെ അറിയപ്പെടുന്ന സി.പി.എം ഗുണ്ടയും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്‍റെ അടുത്ത അനുയിയുമായ സഞ്ജയനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ ഒന്നാം പ്രതിയാണ് മിഥിലാജ്. കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് പ്രതികളുടെ സി.പി.എം ബന്ധം.

വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 861/19 എന്ന കേസില്‍ ഐ.പി.സി 143, 147, 148, 149, 323, 324, 307 എന്നീ വകുപ്പുകള്‍ പ്രകാരം മിഥിലാജിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. മജിസ്‌ട്രേറ്റ് കോടതിക്ക് വിചാരണ ചെയ്യാന്‍ അധികാരമില്ലാത്തതിനാല്‍ സെഷന്‍സ് കോടതിയിലാണ് ഇപ്പോള്‍ കേസ് നടക്കുന്നത്. പാങ്ങോട് പോലീസ് സ്റ്റേഷനില്‍ മറ്റൊരു കേസിലും മിഥിലാജ് ഒന്നാം പ്രതിയാണ്. കല്ലറ പെട്രോള്‍ പമ്പിനുള്ളില്‍ വച്ച് സി.പി.എം പ്രവര്‍ത്തകനായ ഷറഫുദ്ദീന്‍ എന്നയാളെ കാറിനുള്ളില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് ഈ കേസ്. സെക്ഷന്‍ 143, 147, 148, 149, 294 (ബി), 323, 324, 325, 326, 307 എന്നീ വകുപ്പുകളാണ് ഇതില്‍ മിഥുലാജിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസ് സി.പി 69/15-ആം നമ്പര്‍ ആയി നെടുമങ്ങാട് കോടതിയില്‍ ഇപ്പോഴും നടന്നുവരുന്നു. പ്ലാക്കീഴ്, വെമ്പായം പ്രദേശങ്ങളില്‍ മിഥിലാജിന്‍റെ നേതൃത്വത്തില്‍ നടന്ന ഗുണ്ടാ ആക്രമണത്തിലും ഐ.പി.സി 307 ചുമത്തി വെഞ്ഞാറമൂട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നഗരൂര്‍ രാജധാനി കോളേജില്‍ നടന്ന ആക്രമണത്തിന് പിന്നിലും മിഥിലാജും കൂട്ടരാണ്. ഇതുമായി ബന്ധപ്പെട്ട കേസും നിലനില്‍ക്കുന്നു. കൊല്ലപ്പെട്ട മറ്റൊരാളായ മുഹമ്മദ് ഹക്ക് പല അടിപിടി കേസുകളിലും മിഥിലാജിന്‍റെ സഹായിയായിരുന്നു.

ഇപ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറു പേരില്‍ മൂന്ന് പേര്‍ അറിയപ്പെടുന്ന സി.പി.എമ്മുകാരാണ്. ഒരാള്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. മരുതുംമൂടുള്ള ഡി.വൈ.എഫ്.ഐയുടെ നേതാവായിരുന്ന സുരേഷ് എന്നയാളുടെ ശിഷ്യന്മാരാണ് അറസ്റ്റിലായ സി.പി.എം ബന്ധമുള്ള സജീവ്, നജി, സതീശന്‍ എന്നീ മൂന്ന് പേരും. ഇതില്‍ സതീശന്‍ സി.ഐ.ടി.യു യൂണിയനിലെ അംഗമാണ്. സതീശന് എതിരെ വിവിധ സ്റ്റേഷനുകളില്‍ ഐ.പി.സി 307 പ്രകാരം മൂന്ന് കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. സംഭവം നടന്നതിന് ദിവസങ്ങള്‍ മുമ്പ് മരുതുംമൂട്ടിലുള്ള സുരേഷ് സാര്‍ എന്ന് വിളിക്കുന്നയാളിന്‍റെ വീട്ടില്‍ വച്ച് ഇവരെല്ലാം ഒത്തുകൂടിയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എ.എ. റഹീമിന്‍റെ നാടായ തൈയ്ക്കാട് സമന്വയ നഗറിലും, നെല്ലനാട് പഞ്ചായത്തിലെ മണലിമുക്കിലും നിരന്തരമായ ഗുണ്ടാ ആക്രമണങ്ങളാണ് കഴിഞ്ഞ ഏതാനും മാസമായി നടന്നുവരുന്നത്. ഈ രണ്ടു സ്ഥലത്തും നടന്ന അക്രമങ്ങള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തിയാല്‍ ഇപ്പോഴത്തെ കൊലപാതകത്തിന് പിന്നില്‍ നടന്ന ഗൂഢാലോചനയുടെ ചുരുളഴിയും.

https://www.facebook.com/JaihindNewsChannel/videos/904009240089272