രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; സംഘപരിവാര്‍ നേതാവിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്‍കി

Jaihind Webdesk
Friday, February 15, 2019

രാഹുല്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ നേതാവിന്‍റെ അപകീര്‍ത്തി പരാമര്‍ശത്തില്‍ ഡി.ജി.പിക്ക് പരാതി നല്‍കി നല്‍കി യൂത്ത് കോണ്‍ഗ്രസ്. ഭാരതീയ ഹിന്ദു ആചാര്യസഭയുടെ മുന്‍ സംസ്ഥാന കോഡിനേറ്റര്‍ സതീഷ് കുമാറിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം പ്രസാദ് ഡി.ജി.പിക്ക് പരാതി നല്‍കിയത്.

കോണ്‍ഗ്രസിനും പാര്‍ട്ടി അധ്യക്ഷനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി രാജ്യത്ത് ചേരിതിരിവുണ്ടാക്കി ലഹള നടത്താനായി കരുതിക്കൂട്ടി തയാറെടുത്തവര്‍ക്കെതിരെയും ഗൂഢാലോചന നടത്തിയവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ സതീഷ് കുമാര്‍ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.