ശരത്‌ലാലും കൃപേഷും നിറഞ്ഞുനിന്ന വേദിയില്‍ ദീപുവിന്റെ മംഗല്യം

കാഞ്ഞങ്ങാട്: വിവാഹത്തിന്റെ ആഘോഷത്തിനിടയിലും കല്യോട്ടുകാരുടെ മനസ്സില്‍ നിറയെ കൃപേഷിന്റെയും ശരത് ലാലിന്റെയും ഓര്‍മ്മകള്‍ തളംകെട്ടി നില്‍ക്കുകയാണ്. സി.പി.എം ഗുണ്ടകളുടെ ക്രൂരതയില്‍ കല്ല്യോട്ട് കൊല്ലപ്പെട്ട യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത്‌ലാലിന്റെയും കൃപേഷിന്റേയും കൂട്ടുകാരനാണ് ദീപു കൃഷ്ണന്‍. ഇക്കഴിഞ്ഞ ഫിബ്രവരി 21ന് ആയിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിന് നാലു നാള്‍ മുമ്പ് 17 നാണ് ശരത്‌ലാലും കൃപേഷും കൊല്ലപ്പെടുന്നത്. തുടര്‍ന്ന് വിവാഹം മാറ്റിവെക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ കൃപേഷിന്റേയും ശരത്‌ലാലിന്റെയും മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയാണ് ദീപുകൃഷ്ണന്‍ വിവാഹമണ്ഡപത്തിലെത്തിയത്. കൃപേഷും ശരത്‌ലാലും അന്ത്യവിശ്രമം കൊള്ളുന്നിടത്തെത്തി പ്രാര്‍ഥനയും നടത്തി. ദീപുവിന്റെ കല്ല്യാണത്തിന് കൂട്ടുകാരുടെ ഡ്രസ് കോഡ് തീരുമാനിച്ചത് ശരത്‌ലാല്‍ ആയിരുന്നു.

ഡ്രസ് കോഡ് ഗൂഗിളിലെ ചിത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുത്തതും അവന്‍ തന്നെ.മഞ്ഞകൂര്‍ത്തയും ‘ഒടിയന്‍’ മുണ്ടും രുദ്രാക്ഷമാലയും. ഇതിനായി കല്ല്യോട്ടെ റീന ടെക്സ്റ്റൈയില്‍സില്‍ ഏല്‍പ്പിക്കുകയും ചെയ്തു. കൊല്ലപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മൂമ്പ് ഇവര്‍ ഒരുമിച്ചിരുന്ന് സംസാരിച്ചതത്രയും ദീപുവിന്റെ കല്ല്യാണത്തെകുറിച്ചായിരുന്നു.
ഒരോരാളുടെയും കൂര്‍ത്തയുടെ അളവ് കൃപേഷ് എഴുതിയെടുത്തു. ഇതിനിടയില്‍ തൊട്ടടുത്ത പ്രദേശത്ത് ഒരു അപകടം നടന്നതായും മോട്ടോര്‍ ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോയതായും ആരോ വിളിച്ചുപറയുന്നു. നാട്ടിലെ എല്ലാ വിഷയങ്ങളിലും ഇടപെടുന്ന ഈ ചെറുപ്പക്കാര്‍ അപ്പോള്‍ തന്നെ അങ്ങോട്ടേക്ക് പോയി.

കല്ല്യോട്ട് കഴകം ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ സ്വാഗത സംഘം രൂപവത്കരണവുമായി ബന്ധപ്പെട്ട് അന്ന് രാവിലെ മുതല്‍ ഓടിച്ചാടി നടന്നതിന്റെ ക്ഷീണമുണ്ട്. അതുകൊണ്ടു തന്നെ താന്‍ വരുന്നില്ലെന്ന് ശരത്ലാല്‍ കൂട്ടുകാരോട് പറഞ്ഞു.’കൃപേഷ് എന്നെ വീട്ടില്‍ കൊണ്ടാക്കട്ടെ. അവിടെ നിന്ന് കാശെടുത്ത് കൊടുക്കാം. കൃപേഷ് ആ പണം വസ്ത്രശാലയില്‍ കൊണ്ടുക്കൊടുക്കട്ടെ’. ഇത്രയും കൂടി പറഞ്ഞാണ് ശരത്ലാല്‍ കൂട്ടുകാരെ യാത്രയാക്കിയത്. കൂട്ടുകാര്‍ പോയതോടെ ശരത്ലാലും കൃപേഷും ബൈക്കില്‍ കയറി ശരത്ലാലിന്റെ വീട്ടിലേക്ക് പോയി. ഈ യാത്രയിലാണ് ഇരുവരും സി.പി.എമ്മുകാരുടെ കൊലക്കത്തിക്കിരയായത്.

kripeshsarath lalkasargod twin murder
Comments (0)
Add Comment