‘കനത്ത ആശങ്ക’: കശ്മീര്‍ ജനതയുടെ മനുഷ്യവകാശം സംരക്ഷിക്കണമെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതി

Jaihind News Bureau
Monday, September 9, 2019

ജനീവ: കേന്ദ്രസര്‍ക്കാരിന് ഐക്യരാഷ്ട്രസഭ മനുഷ്യവകാശ സമിതിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കപ്പെടുകയും ശേഷമുണ്ടായ വിലക്കുകളിലും ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതി ഹൈക്കമ്മീഷണര്‍ മിഷെല്‍ ബാച്‌ലെ. കശ്മീര്‍ ജനതയുടെ മനുഷ്യാവകാശം സംരക്ഷിക്കാനും ബഹുമാനിക്കാനും ഇന്ത്യയും പാകിസ്ഥാനും തയാറാകണമെന്ന് ബാച്‌ലെ ജനീവയില്‍ പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിനാണ് ഇന്ത്യ ഭരണഘടന അനുസരിച്ച് ജമ്മു കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക അവകാശങ്ങള്‍ നിയമനിര്‍മ്മാണത്തിലൂടെ എടുത്ത് കളഞ്ഞത്. ഇതിന് പിന്നാലെ കശ്മീര്‍ കര്‍ഫ്യൂവിലാണ്. കശ്മീരില്‍ സ്ഥിതി ശാന്തമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിക്കുമ്പോഴും വ്യാപകമായി അക്രമങ്ങളും സുരക്ഷ സേനയ്ക്ക് നേരെ കല്ലേറും ഉണ്ടായാതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ക്ക് മേല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എടുത്ത ചില തീരുമാനങ്ങള്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളില്‍ ഉല്‍ക്കണ്ഠയുണ്ട്. ഇന്റര്‍നെറ്റ് ഒഴിവാക്കിയും സമാധാനപരമായി സംഘം ചേരാനുള്ള അവകാശം നിരോധിച്ചും പ്രാദേശിക നേതാക്കളെ തടവിലാക്കിയും നടത്തുന്ന നടപടികള്‍ ആശങ്കയുണ്ടാക്കുന്നതായും ബാച്‌ലെ, മനുഷ്യാവകാശ കൗണ്‍സില്‍ 42-ാം സമ്മേളനത്തിന്റെ തുടക്കത്തില്‍ പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണം. പ്രത്യേകിച്ചും ഇന്ത്യയോടുള്ള അപേക്ഷ നിലവിലെ നിയന്ത്രണങ്ങളും കര്‍ഫ്യൂവും പിന്‍വലിക്കണം. ആളുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കഴിയണം. അറസ്റ്റ് ചെയ്തവരെ വിട്ടയക്കുകയും വേണം – അവര്‍ ആവശ്യപ്പെട്ടു.