കൊവിഡ് കാലത്ത് പ്രതീക്ഷയുടെ വെളിച്ചമായി ഇന്ന് ദീപാവലി; മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷങ്ങൾക്ക് അനുമതി

Jaihind News Bureau
Saturday, November 14, 2020

ഇന്ന് ദീപാവലി. തിൻമയ്ക്ക് മേൽ നൻമ നേടിയ വിജയമാണ് ദീപാവലിയായി ആഘോഷിക്കുന്നത്. നാടും നഗരവും പടക്കം പൊട്ടിച്ചും, ദീപം തെളിച്ചും ആഘോഷിക്കേണ്ടതായിരുന്നു ദീപാവലി. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്തടക്കം വലിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി. രാവണവധം കഴിഞ്ഞെത്തിയ ശ്രീരാമനെ അയോധ്യയിലേക്ക് ദീപങ്ങൾ തെളിയിച്ച് സ്വീകരിച്ചതും ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതുമൊക്കെയായി ദീപാവലിയുടെ ഐതീഹ്യങ്ങൾ നിരവധി. കഥകൾ പലതാണെങ്കിലും തിൻമയ്ക്ക് മേൽ നൻമ നേടിയ വിജയത്തിന്‍റെ ഉത്സവമാണ് ഭാരതീയർക്ക് ദീപാവലി.ദിവസങ്ങൾക്ക് മുൻപ് ദീപാവലിയുടെ ആഘോഷ വെളിച്ചം തെളിയുന്ന തെരുവുകൾ ഇത്തവണ ശൂന്യമായ അവസ്ഥയിലാണ്. വലിയ ആഘോഷങ്ങൾ ഒഴിവാക്കി രോഗശാന്തിയ്ക്കായി പ്രാർത്ഥിയ്ക്കാനാണ് ഓരോ കുടുംബങ്ങളുടേയും തീരുമാനം. മുൻ വർഷങ്ങളിൽ വലിയ ആഘോഷ പരിപാടികൾ നടന്നിരുന്നിടത്ത് ഇത്തവണയെല്ലാം വീടുകളിലൊതുങ്ങി.

എല്ലാവർഷവും തുടർന്നു പോന്നിരുന്ന ആഘോഷങ്ങൾ ഒഴിവാക്കിയതിന്‍റെ വിഷമത്തിലാണ് വിശ്വാസികൾ. മധുര പലഹാരങ്ങൾ വിൽക്കുന്ന കടകളിലും കച്ചവടം കുറവാണ്. കൊറോണയെ തുടർന്നുള്ള നിയന്ത്രണങ്ങളും കച്ചവടത്തെയും ബാധിച്ചു. ഓരോ ദീപാവലി നാളും പ്രതീക്ഷയുടെ വ്യാപാരോന്നതിയുടെ മറ്റൊരു പടി കൂടി ചവിട്ടികയറിയെന്ന് സ്വയം വിലയിരുത്തുന്ന വിശ്വാസികൾ വരും വർഷങ്ങളിൽ മികച്ച ആഘോഷമാക്കാനുള്ള കാത്തിരിപ്പിലാണ്.

പ്രധാനമന്ത്രിയുടെ ഇത്തവണത്തെയും ദീപാവലി ആഘോഷം സൈനികർക്കൊപ്പമെന്ന് സൂചന. കഴിഞ്ഞ ആറ് വർഷമായി അതിർത്തി കാക്കുന്ന ധീരന്മാർക്കൊപ്പമാണ് ദീപാവലി ദിനം പ്രധാനമന്ത്രി ചെലവഴിക്കുന്നത്. മധുരം വിതരണം ചെയ്തും, സൈനികർക്ക് ആശംസകൾ നേർന്നുമാണ് മോദി മടങ്ങുന്നത്. ഇത്തവണ ദീപാവലി ദിനത്തിൽ സൈനികർക്കായി ഒരു ദീപം എല്ലാവരും തെളിക്കണമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ ആഹ്വാനം ചെയ്തിട്ടുണ്ട്.